ചിട്ടിതട്ടിപ്പ്: കിളികൊ ല്ലൂർ പോ ലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
1375623
Monday, December 4, 2023 12:23 AM IST
കുണ്ടറ: അത്തച്ചിട്ടി നടത്തി പലരിൽ നിന്നും ലക്ഷങ്ങൾ പിരിച്ച് യഥാസമയം തുക തിരികെ നൽകാതെ വീടും സ്ഥലവും രഹസ്യമായി വിറ്റ് സ്ഥലം വിട്ട തട്ടിപ്പുകാർക്കെതിരെ കാര്യമായ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി .
കൊറ്റങ്കര പത്താം വാർഡിൽ താമസിച്ചു വന്ന പേരൂർ കോടംവിള വീട്ടിൽ ഗിരിജ ഗോപിക്കെതിരെയാണ് നാട്ടുകാർ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
തട്ടിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കും ആക്ഷൻ കൗൺസിൽ ചെയർപേഴ്സണും പഞ്ചായത്ത് അംഗവുമായ എൻ ഷേർളി, കൺവീനർ കരിവിള വീട്ടിൽ സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
50 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. 200ലധികം പേരെങ്കിലും ഇവരുടെ പ്രതിമാസ ചിട്ടി തട്ടിപ്പിന് ഇരയായിട്ടുണ്ട്. കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ച് കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിനിതകുമാരി ഉദ്ഘാടനം ചെയ്തു.
സിഐടിയു കുണ്ടറ ഏരിയ സെക്രട്ടറി ആർ സുരേഷ് ബാബു, മുഖത്തല ബ്ലോക്ക് വൈസ് പ്രസിഡന്റ് എച്ച് ഹുസൈൻ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോൾ, ഷിജു, എൻ ഷേർളി, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് ധർമരാജൻ, സി ബിജു, എസ് അനിൽകുമാർ, നിസാം ഖുറൈഷി എന്നിവർ പ്രസംഗിച്ചു