മഴയിൽ വീട് ഇടിഞ്ഞുവീണു; അന്തിയുറങ്ങാന്‍ ഇടമില്ലാതെ വയോ ധികകുടുംബം
1375621
Monday, December 4, 2023 12:23 AM IST
അഞ്ചല്‍ : രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് പെയ്ത കനത്ത മഴയില്‍ വീട് പൂര്‍ണമായും ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് അസുഖബാധിതരായ വയോധിക കുടുംബം.
ഏരൂര്‍ നെട്ടയം വെള്ളാരംകുന്ന് ബിന്ദു വിലാസത്തില്‍ ചന്ദ്രശേഖരന്‍പിള്ള -ഗിരിജകുമാരി ദമ്പതികളുടെ വീടാണ് ഇടിഞ്ഞു വീണത്.
കഴിഞ്ഞ ആദിവസം രാത്രി ഏഴോടെയാണ് സംഭവം. ഈ സമയം ചന്ദ്രശേഖരൻ പിള്ളയും ഭാര്യ ഗിരിജയും വീട്ടില്‍ ഉണ്ടായിരുന്നു.
മേല്‍ക്കൂരയുള്‍പ്പെടെ നിലത്തേക്ക് വീഴുന്ന ശബ്ദംകേട്ട് ഓടി ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഉടന്‍ തന്നെ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി.
കാലിന് അസുഖബാധിതയായി ചികിത്സയിലാണ് ഗിരിജ. അസുഖബാധിതനായ ചന്ദ്രശേഖരൻ പിള്ള തൊഴിലുറപ്പിനും മറ്റും പോയി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ചികിത്സയും കുടുംബചെലവുകളും നടന്നുവന്നത്.
വീടിനായി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഇതുവരെയും വീട് അനുവദിച്ചിട്ടില്ല. ഇപ്പോള്‍ വീട് കൂടി ഇടിഞ്ഞതോടെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം. പഞ്ചായത്തിന്റെയും സുമനസുകളുടെയും കാരുണ്യം ഉണ്ടാകുമെന്ന പ്രതീക്ഷിയിലാണ് വയോധിക ദമ്പതികള്‍.