ആലഞ്ചേരിയിൽ ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
1375619
Monday, December 4, 2023 12:23 AM IST
അഞ്ചല്‍ : ആലഞ്ചേരിയില്‍ രണ്ടു ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ആലഞ്ചേരി ജംഗ്ഷനില്‍ അക്ഷയ സെന്ററിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുന്നിൽ മൂന്നുമാസത്തിലധികമായി ബൈക്കുകള്‍ പാർക്കുന്നതായി ഇവിടെ ജോലി ചെയ്യുന്ന ലോഡിംഗ് തൊഴിലാളികള്‍ അടക്കം പറയുന്നു.
ആരും തിരക്കി വരാതായതോടെ തൊഴിലാളികള്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഏരൂര്‍ പോലീസ് ബൈക്കുകളുടെ നമ്പര്‍ ശേഖരിച്ചു ഉടമകള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി കാലത്ത് അപകടം വല്ലതും സംഭവിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതോ കവര്‍ച്ച ചെയ്യപ്പെട്ടതോ ആകാം ബൈക്കുകള്‍ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ബൈക്കുകള്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുമെന്ന് ഏരൂര്‍ പോലീസ് അറിയിച്ചു. അടുത്തിടെ സമീപ സ്റ്റേഷനുകളില്‍ ബൈക്കുകള്‍ മോഷണം പോയത് സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.