മാലിന്യ പ്ലാന്റിനെതിരേ ചണ്ണപ്പേട്ടയില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു
1375618
Monday, December 4, 2023 12:23 AM IST
അഞ്ചല്‍: അലയമണ്‍ പഞ്ചായത്തിലെ ചണ്ണപ്പേട്ടയില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടം മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് പ്രദേശത്ത് ജനങ്ങള്‍ ആശങ്കയിലാണ്.
ജനവാസ മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള ഏതൊരു നീക്കത്തേയും ചെറുക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രദേശത്ത് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
യോഗത്തില്‍ മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പ്രദേശവാസികള്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍, മതസാമുദായിക നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രസംഗിച്ചു.
മാലിന്യ പ്ലാന്റ് ചണ്ണപ്പേട്ടയിലെ പരപ്പാടി തോട്ടത്തില്‍ വരുന്നു എന്നത് അഭ്യൂഹം മാത്രമാണ്. സര്‍ക്കാര്‍ തലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ അങ്ങനെ ഒരു നീക്കവും ഉണ്ടായിട്ടില്ല.
ഇനി അങ്ങനെ ഉണ്ടായാല്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ജനപ്രതിധികളും പൊതുപ്രവര്‍ത്തകരും ഉറപ്പ് നല്കി. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ജെ ചിഞ്ചു റാണിയുടെ ശ്രദ്ധയില്‍ വിഷയം ധരിപ്പിച്ചിട്ടുണ്ട്. മന്ത്രിയും ഇങ്ങനെ ഒരുനീക്കം അറിഞ്ഞിട്ടില്ല.
ചില റവന്യു ഉദ്യോഗസ്ഥരും റിയല്‍ എസ്റ്റേറ്റ് മാഫിയകളുമാണ് ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ എന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ആരോപിക്കുന്നു.
ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിശദമായ നിവേദനം തയാറാക്കി മുഖ്യമന്ത്രി, തദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ജില്ലാ കളക്ടര്‍ സ്ഥലം എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും.