ചണ്ണപ്പേട്ടയില്‍ മാലിന്യ പ്ലാന്റ് ആരംഭിക്കാന്‍ സ്വകാര്യതോട്ടം കൈമാറാന്‍ നീക്കമെന്ന്
1375417
Sunday, December 3, 2023 4:45 AM IST
അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ വൈദ്യഗിരിയില്‍ സര്‍ക്കാര്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം വൈകുകയും ചെയ്യുന്ന മാലിന്യ പ്ലാന്റ് തൊട്ടടുത്ത അലയമണ്‍ പഞ്ചായത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നീക്കം നടക്കുന്നതയായ് അഭ്യൂഹം. ഇതോടെ വലിയ ജാഗ്രതയിലാണ് നാട്ടുകാര്‍.
അലയമണ്‍ പഞ്ചായത്തിലെ ചണ്ണപ്പേട്ടയില്‍ സ്വകര്യ വ്യക്തിയുടെ ഉടമസ്ഥതിയിലുള്ള റബര്‍ തോട്ടത്തിലെ 50 ഏക്കറോളം സ്ഥലം മാലിന്യ പ്ലാന്റിനായി നല്കാന് സമ്മതം അറിയിച്ചതായി വാര്‍ത്തകള്‍ പരന്നതോടെയാണ് നാട്ടുകാര്‍ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ആയിരക്കണക്കിനു കുടുംബങ്ങള്‍, ആറോളം പള്ളികള്‍, അമ്പലം, സംരക്ഷിച്ചുപോരുന്ന കാവുകള്‍, ഇത്തിക്കരയാറിന്റെ ഉത്ഭവം, നിരവധി ചെറുതോടുകള്‍, എല്‍പി, യുപി, ഹൈസ്കൂള്‍ ഉള്‍പ്പടെ നാല് സ്കൂളുകള്‍, കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതിലോല പ്രദേശം, കുടുക്കത്തുപാറ ഇക്കോടൂറിസം, അങ്കണവാടി അടക്കമുള്ള ജനനിബിഢമായ സ്ഥലത്ത് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള ഏതൊരു നീക്കത്തേയും ചെറുക്കുമെന്ന് ജനപ്രതിനിധികളും നാട്ടുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഉള്‍പ്പടെ ഒറ്റക്കെട്ടായി പറയുന്നു. നാളെ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ സമിതി യോഗം ചേരും.
തുടര്‍ന്ന് മാലിന്യ പ്ലാന്റിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുമെന്നും നാട്ടുകാര്‍ അറിയിച്ചു. അതേസമയം ഇത്തരത്തില്‍ ഒരു നീക്കവും നടക്കുന്നില്ലെന്നും അങ്ങനെ ഉണ്ടായാല്‍ ജനങ്ങള്‍ക്ക് ഒപ്പം നിന്നും ശക്തമായി ചെറുക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ അറിയിച്ചു. ഇപ്പോള്‍ പരക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണ്, ജനങ്ങള്‍ക്ക് നിലവില്‍ ആശങ്ക വേണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
മാലിന്യ പ്ലാന്റ് ചണ്ണപ്പേട്ടയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തരത്തില്‍ ഉത്തരവോ നിര്‍ദേശമോ സര്‍ക്കാര്‍ തലത്തില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടിലെ്ലന്നു പുനലൂര്‍ ആര്‍ഡിഓയും പ്രതികരിച്ചു.
എന്നാല്‍ പത്തടിയിലെ നീക്കങ്ങള്‍ രഹസ്യമായിരുന്നു എന്നതുകൊണ്ട് തന്നെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് നാട്ടുകാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.