കൊല്ലം പോർട്ടിന് ഐസിപി പദവി നൽകണം: പ്രേമചന്ദ്രൻ എംപി
1375410
Sunday, December 3, 2023 4:17 AM IST
കൊല്ലം: പോര്‍ട്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് (ഐസിപി) പദവി നല്കി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എംപി, ഇമിഗ്രേഷന്റെ ചുമതലയുളള കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ്, ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബ്യുറോ ഓഫ് ഇമിഗ്രേഷന്‍ അധികൃതര്‍ എന്നിവരുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.
ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ആവശ്യപ്പെട്ട പ്രകാരം സംസ്ഥാന സർക്കാർ, ഇമിഗ്രേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതിനുളള കെട്ടിടം, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ കൈമാറിയാല്‍ ഉടന്‍ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കി കൊല്ലം പോര്‍ട്ട് ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് ആയി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കുമെന്ന് അധികൃതര്‍ എംപി ക്ക് ഉറപ്പ് നല്കി.
ബ്യുറോ ഓഫ് ഇമിഗ്രേഷന്‍ ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിട്ടും, സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടര്‍ നടപടി ഉണ്ടാകുന്നില്ല. കെട്ടിടം കൈമാറുന്നതോടൊപ്പം ഇമിഗ്രേഷന്‍ പരിശീലനം നല്കാന് സംസ്ഥാന സര്‍ക്കാര്‍ കേരള പോലീസില്‍ നിന്നും 14 പോലീസുക്കാരെയും ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് വിട്ടു നല്‍കണം.
അതോടൊപ്പം കെട്ടിടത്തിന് സമീപം വരെ ടെലികോം കേബിള്‍ ലൈന്‍ വലിച്ച് ലീസ്ഡ് ലൈൻ സ്ഥാപിക്കാനുളള സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം. സംസ്ഥാന സര്‍ക്കാര്‍ ഈ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഒരാഴ്ചക്കുളളില്‍ കൊല്ലം പോര്‍ട്ടിന് ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് നല്കി വിജ്ഞാപനം ഇറക്കുമെന്ന് അധികൃതര്‍ എംപിക്ക് ഉറപ്പ് നല്കി.
കൊല്ലം പോര്‍ട്ടിന് ഇമിഗ്രേഷന്‍ ചെക്ക് പോയിന്റ് പദവി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ നിഷിപ്തമായ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യമന്ത്രിയ്ക്കും തുറമുഖ മന്ത്രിയ്ക്കും നിവേദനം നല്കി.
കൊല്ലം പോര്‍ട്ടിന് ഇമിഗ്രേഷന്‍ സൗകര്യത്തോടു കൂടിയുളള അംഗീകാരം ലഭിക്കുന്നതിനായി നിരവധി തവണ പാര്‍ലമെന്റിലും ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തിലും എംപി ആവശ്യം ഉന്നയിച്ചിരുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നല്കിയാല് പോര്‍ട്ടിന് അംഗീകാരം നല്‍കുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു.