ഭിന്നശേഷി തൊഴില്‍ പദ്ധതി : ജില്ലാതല ഉദ്ഘാടനങ്ങള്‍ ഇന്ന്
1375409
Sunday, December 3, 2023 4:17 AM IST
കൊല്ലം: കേരള നോളജ് ഇക്കോണമി മിഷന്റെ ഭിന്നശേഷി വിജ്ഞാന തൊഴില്‍ പദ്ധതിയായ സമഗ്രയുടെ ജില്ലാതല ഉദ്ഘാടന പരിപാടികള്‍ രാജ്യാന്തര ഭിന്നശേഷി ദിനാചരണ ദിനമായ ഇന്ന് .ഡിഡബ്ല്യു എം എസ് രജിസ്ട്രേഷനും കരിയര്‍ കൗണ്‍സിലിങ്ങും കരിയര്‍ ക്ലിനിക്കുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി കലോത്സവ വേദികളിലാണ് ഉദ്ഘാടന പരിപാടിയും രജിസ്ട്രേഷനും.
ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസുകളും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 18നും 45 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷി വിഭാഗത്തിലെ വൈജ്ഞാനിക തൊഴിലില്‍ തല്‍പ്പരരായ, ഡിപ്ലോമ, ഐ ടി ഐ , പ്ലസ്ടു അടിസ്ഥാന യോഗ്യതയോ ഉന്നത വിദ്യാഭ്യാസ യോഗ്യതകളോ ഉള്ളവര്‍ക്കെല്ലാം പങ്കെടുക്കാം.
സംസ്ഥാനത്ത് ഇതുവരെ 28,751 പേരാണ് സമഗ്ര പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴില്‍ സാധ്യതകളുടെ പരിഗണനകളും പരിശോധിച്ച് നൈപുണ്യ പരിശീലനത്തിലൂടെ അഭിരുചിക്കും താത്പര്യത്തിനും യോഗ്യതയ്ക്കും അനുയോജ്യമായ തൊഴില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമിടുന്നത്.
നൈപുണീപരിശീലനം, കരിയര്‍ കൗണ്‍സിലിങ്, വ്യക്തിത്വ വികസന പരിശിലീനം, ഇംഗ്ലീഷ് സ്കോര്‍ ടെസ്റ്റ് , റോബോട്ടിക് ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെടുന്നതാണ് മിഷന് ലഭ്യമാക്കുന്ന സേവനങ്ങള്‍. വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷകരില്‍ മിഷന് നല്കുന്ന പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രത്യേക തൊഴില്‍ മേളകളിലൂടെ തൊഴില്‍ ഉറപ്പാക്കും.