സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം : പാര്‍ട്ട്ടൈം സ്വീപ്പര്ക്കെതിരെ പോക്സോ കേസ്
1375404
Sunday, December 3, 2023 4:17 AM IST
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍പി സ്കൂളില്‍ വിദ്യാര്‍ഥിനികളോട് ലൈംഗിക അതിക്രമം നടത്തിയ പാര്‍ട്ട്ടൈം സ്വീപ്പര്ക്കെതിരെ ഏരൂര്‍ പോലീസ് കേസെടുത്തു. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഏരൂര്‍ തുംബോട് സ്വദേശി കുമാരപിള്ള (60) എന്നയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
അതിക്രമത്തിനിരയായ കുട്ടികളില്‍ ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മാതാവ് കുട്ടിയുമായി സംസാരിച്ചതോടെയാണ് ഗുരുതരമായ സംഭവം പുറംലോകം അറിഞ്ഞത്.
നിലവില്‍ നാലുകുട്ടികളുടെ പരാതിയില്‍ നാല് കേസുകളാണ് കുമാരപിള്ളക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം ഈ വിവരം അറിഞ്ഞിട്ടും സ്കൂളിലെ ചില അധ്യാപകര്‍ ഇയാളില്‍ നിന്നും മാപ്പ് എഴുതിവാങ്ങി കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടത്തിയതായിട്ടുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
എന്നാല്‍ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ അടക്കം വിവരം അറിയിച്ചുകൊണ്ട് നിയമ നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് കുമാരപിള്ളയെക്കെതിരെ കേസെടുക്കുകയായിരുന്നു.
എന്നാല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഏരൂര്‍ പോലീസ് അറിയിച്ചു. സ്കൂള്‍ ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച വിവരം വന്നപ്പോള്‍ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന കുമാരപിള്ളയുടെ ബന്ധു ഈ വിവരം കുമാരപിള്ളയെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകുകയായിരുന്നുവെന്ന് ചില രക്ഷിതാക്കള്‍ അറിയിച്ചു.
ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയരുമെന്നാണ് സൂചന. പത്തുവര്‍ഷത്തോളമായി കുമാരപിള്ള സ്കൂളില്‍ പാര്‍ട്ട്ടൈം സ്വീപ്പര്‍ ആണ്. അഞ്ചല്‍ സര്‍ക്കിള്‍ ഇന്സ്പെക്ടര്ക്കാന് അന്വേഷണ ചുമതല.