മൺറോ തുരുത്തിൽ എത്തിയ കുരങ്ങ് നാട്ടുകാർക്ക് ശല്യമായി
1375061
Friday, December 1, 2023 11:51 PM IST
കുണ്ടറ: മൺറോതുരുത്തിൽ എത്തിയ കുരങ്ങ് നാട്ടുകാർക്ക് ശല്യമായെന്ന് പരാതി. മൺട്രോതുത്ത് പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും ഒരുമാസമായി മാറിമാറി കഴിഞ്ഞിരുന്ന കുരങ്ങ് ഇപ്പോൾ പട്ടംതുരുത്ത് ഈസ്റ്റ് വെസ്റ്റ് വാർഡുകളിലാണ് സ്ഥിരതാമസം. നാട്ടുകാർ ഭക്ഷണം കൊടുക്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ പ്രകോപിതനായിട്ടാണ് കുരങ്ങിനെ കാണുന്നത്. കടകളിൽ കയറി ഭക്ഷണസാധനങ്ങൾ എടുത്തു കൊണ്ടു പോകുന്നതായും സ്കൂളിലേക്ക് പോകുന്ന കുട്ടികളെയും പുറത്തിറങ്ങുന്ന സ്ത്രീകളെയും ശല്യം ചെയ്യുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
കുരങ്ങിനെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ വനം വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മൺറോതുരുത്തിലേക്ക് വരുന്ന ലോറികളിലോ മറ്റ് വാഹനങ്ങളിലോ അവരറിയാതെ കുരങ്ങ് ഇവിടെ എത്തിയതാവാം എന്ന് കരുതുന്നു. ശല്യക്കാരനാണെങ്കിലും മൺട്രോ തുരുത്ത് നിവാസികൾ കുരങ്ങിന് ഭക്ഷണവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധിച്ചുവരുന്നുണ്ട്.