കായാവിലിന്റെ നവതി ആഘോ ഷം: ശശിതരൂർ ഇൻഫന്റ് ജീസസ് സ്കൂൾ സന്ദർശിച്ചു
1374814
Friday, December 1, 2023 12:23 AM IST
കൊല്ലം: മൂന്നു പതിറ്റാണ്ടോളം തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിന്റെ പ്രിൻസിപ്പലായിരുന്ന ഡോ. ഫെർഡിനാന്റ് കായാവിലിന് ആദരമർപ്പിച്ച് ഡോ.ശശി തരൂർ എംപി.സ്കൂൾ സന്ദർശനം നടത്തി.
സ്കൂളിലെ അല്മനൈ അസോസിയേഷൻ പ്രവർത്തകർ സംഘാടകരായിരുന്നു. അല്മനൈ അസോസിയേഷൻ പ്രസിഡന്റും ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പലുമായ റവ.ഡോ. സിൽവി ആന്റണിയും പിറ്റിഎ പ്രസിഡന്റ് പൂജാ ഷിഹാബും ജൂനിയർ പ്രിൻസിപ്പൽ ഡോണാ ജോയിയും ചേർന്ന് ഡോ. തരൂരിനെ സ്വീകരിച്ചു. ഡോ. ഫെർഡിനാന്റ് കായാവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പൂർവ വിദ്യാർഥികൾക്ക് കായാവിലച്ചൻ ഒരു ഐതിഹാസിക വ്യക്തി തന്നെയെന്ന് ശശിതരൂർ പറഞ്ഞു. അദ്ദേഹത്തിന്റെ സംഭാവനകൾ ഒരു പൗരോഹിത്യത്തിനപ്പുറമാണെന്ന് പറയാൻ കഴിയും. അദ്ദേഹത്തോട് ഇത്രയധികം ആദരവ് കാണിക്കുന്നതിനുള്ള കാരണമെന്തെന്ന് ചുരുങ്ങിയ സമയം കൊണ്ടുള്ള തന്റെ അടുപ്പം കൊണ്ടു മനസിലാക്കാൻ കഴിഞ്ഞുവെന്നും തരൂർ പറഞ്ഞു.
നമ്മുടെ രാജ്യം പുരോഗതി പ്രാപിച്ചുവെന്ന് അവകാശപ്പെടാമെങ്കിലും ഇനിയും പല മേഖലകളിലും പുരോഗതി പ്രാപിക്കാനുണ്ട്. സ്വത്വ രാഷ്ട്രീയവും, ജാതി, മതം എന്നിവയുടെ വികലതകളും പല തരത്തിലുള്ള അഴിമതികളും നാം അനുഭവിച്ചു വരികയാണെന്നും ശശിതരൂർ പറഞ്ഞു.
ഡോ. ഫെർഡിനാന്റ് കായാവിലിന്റെ മറുപടി പ്രസംഗത്തിൽ തരൂരിന്റെ വ്യക്തി പ്രഭാവത്തെ ആദരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണത്തിനും മൂല്യങ്ങൾക്കും ഉറച്ച പിന്തുണ നൽകുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്ന് കായാവിൽ പറഞ്ഞു. തന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സ്കൂൾ സന്ദർശനം തനിക്ക് വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്നും പറഞ്ഞു.
പ്രസംഗശേഷം തരൂർ കുട്ടികളുമായി അല്പ സമയം സംവദിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരങ്ങൾ നൽകി.
അല്മന അസോസിയേഷൻ ജനറൽ സെക്രട്ടറി ക്ലൗഡിയസ് പീറ്റർ, പ്രിൻസിപ്പൽ റവ.ഡോ. സിൽവി ആന്റണി, നൗഷാദ് യൂനസ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്കോളർഷിപ്പുകളും അദ്ദേഹം വിതരണം ചെയ്തു.