മദർ തെരേസ അവാർഡ് ഗ്രൂപ്പിന്റെ പ്രവർത്തനം ആരംഭിച്ചു
1374813
Friday, December 1, 2023 12:23 AM IST
കുണ്ടറ: വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ ഫാ.ചിറമേലിന്റെ നേതൃത്വത്തിൽവിദ്യാലയങ്ങളിൽ ആരംഭിച്ച മദർ തെരേസ സേവന അവാർഡ് ഗ്രൂപ്പിന്റെ പ്രവർത്തനം കാഞ്ഞിരകോട്സെന്റ് മാർഗ്രറ്റ് ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ചു. നടക്കാൻ കഴിയാത്ത കുട്ടിക്ക് വീൽചെയർ നൽകിയാണ് മദർ തെരേസ സേവന അവാർഡ് ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
സെന്റ് മാർഗ്രറ്റ് ഗേൾസ് സ്കൂളിലെ പൂർവ വിദ്യാർഥിനിയും സാമൂഹിക പ്രവർത്തകയുമായ ഡോ. പി.എസ് നന്ദ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ജി. ആന്റണി അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് എ.കൊളോസ്റ്റിക്ക, പദ്ധതി ജില്ലാ കോ-ഓഡിനേറ്റർഡോ. കെ.ജി തോമസ്, സ്കൂൾ ലോക്കൽ മാനേജർ മദർ റെജി മേരി, പ്രോഗ്രാം കോ-ഓഡിനേറ്റർ ഷീല ജോർജ്, വിദ്യാർഥി പ്രതിനിധി ഡോണ എന്നിവർ പ്രസംഗിച്ചു.
കൊല്ലം ഫുട്ബോൾ അക്കാദമിയാണ് വീൽചെയർ സംഭാവന ചെയ്തത്.
കൊല്ലം ഫുട്ബോൾ അക്കാദമി ചെയർമാനും മുൻ ഇന്ത്യൻ ഫുട്ബോൾ പ്ലെയറുമായ സിയാദ്, അക്കാദമി അംഗങ്ങളായ തങ്കച്ചൻ, വിജയൻ പത്രോസ് എന്നിവരുടെ നേതൃത്വത്തിലാണ് വീൽചെയർ സ്കൂളിന് കൈമാറിയത്.