മഖാൻജി നാടകോത്സവത്തിന് പ്ലാക്കാട്ടിൽ തുടക്കമായി
1374286
Wednesday, November 29, 2023 1:12 AM IST
ആദിച്ചനല്ലൂർ: ദി പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ആറാമത് മഖാൻജി പ്രഫഷണൽ നാടകോത്സവത്തിന് നാടക രചയിതാവും സിനിമ തിരക്കഥാകൃത്തുമായ രാജൻ കിഴക്കനേല ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
നാടകങ്ങൾ സാമൂഹ്യ മാറ്റത്തിന് വലിയ പങ്കാണ് വച്ചിട്ടുള്ളതെന്നും നാടകങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു പോയിട്ടില്ലെന്നും മാനുഷിക സൗഹൃദം വളർത്തിയെടുക്കുവാൻ പുത്തൻ ആശയങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുവാൻ നാടകങ്ങൾക്ക് കഴിയുമെന്നും രാജൻ കിഴക്കനേല അഭിപ്രായപ്പെട്ടു.
പ്ലാക്കാട് മൂർത്തിക്കാവ് ദേവീക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എം.സുഭാഷ് അധ്യക്ഷനായിരുന്നു. ലൈബ്രറി സെക്രട്ടറി എസ്.ജയൻ മഖാൻജി അനുസ്മരണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ ഡി. അജിത് കുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ബി.മുരളി കൃഷ്ണൻ മുൻ ലൈബ്രറി ഭാരവാഹികളെയും പ്രതിഭകളെയും ആദരിച്ചു.
ചടങ്ങിൽ പഞ്ചായത്ത് അംഗം ആർ.കലാദേവി, സി. വി.പ്രസന്നകുമാർ. എസ്. ശ്രീകുമാർ, സന്തോഷ് പ്രിയൻ, പ്രദീപൻ തൂലിക, എസ് ദിലീപ്, മൂർത്തിക്കാവ് ദേവി ക്ഷേത്ര പ്രസിഡന്റ് കെ. ശ്രീകുമാർ, സംഘാടക സമിതി അംഗം എം. സുധീർ എന്നിവർ പ്രസംഗിച്ചു. പി.പ്രശോഭ് മുൻ ഭാരവാഹികളെ പരിചയപ്പെടുത്തി.