മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ടവുമായി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്
1373950
Monday, November 27, 2023 11:39 PM IST
പാരിപ്പള്ളി: മാലിന്യമുക്ത കേരളത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നും ഉപയോഗ ശൂന്യമായ ബാഗുകളും ചെരുപ്പുകളും ശേഖരിച്ചു. എല്ലാ വാർഡുകളിലും ഒരോ കളക്ഷൻ സെന്റർ നിശ്ചയിച്ച് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ രാവിലെ മുതൽ ഉച്ച വരെ പാഴ് വസ്തു ശേഖരണം നടത്തി. ഹരിത കർമ സേനാംഗങ്ങളും കുടുംബശ്രീ അങ്കണവാടി ആശാ പ്രവർത്തകരും ഈ യജ്ഞത്തിൽ പങ്കാളികളായി. പൊതു ജനങ്ങളിൽ നിന്നും യാതൊരുവിധ ഫീസും ഈടാക്കാതെയാണ് ചാക്ക് കണക്കിന് പാഴ് വസ്തുക്കൾ ശേഖരിച്ചത്.
തുടർന്ന് ക്ലസ്റ്റർ അടിസ്ഥാനത്തിൽ പഞ്ചായത്ത് മുൻകൈ എടുത്ത് നേരത്തെ സജ്ജീകരിച്ച നാല് കേന്ദങ്ങളിലേക്ക് പാഴ് വസ്തുക്കൾ മാറ്റുകയും പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ട ഏജൻസിക്ക് കൈമാറുകയും ചെയ്തു. അടുത്ത മാസം ഇതേ കേന്ദ്രങ്ങളിൽ പാഴ് തുണികളുടെ ശേഖരണം നടക്കുമെന്നും തുടർന്നുള്ള മാസങ്ങളിൽ ഗ്രീൻ കാർഡ് പ്രകാരം ശേഖരണം നടത്തുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസൻ അറിയിച്ചു. ശേഖരണത്തിനും തുടർ പ്രവർത്തനങ്ങൾക്കും എല്ലാ വാർഡിലേയും ജനപ്രതിനിധികളും നോഡൽ ഓഫീസർ കൂടിയായ ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി അജിത്ത് . എൽഎസ് സെക്ഷൻ ക്ലാർക്ക് അബ്ദുൾ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
ശേഖരിച്ച പാഴ് വസ്തുക്കൾ കരാർ കമ്പിനിയായ പാണ്ടസ് ഇക്കോ സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ എം ഡി അമ്പാടി ഏറ്റുവാങ്ങി. പാഴ് വസ്തുക്കൾ കയറ്റി കൊണ്ടുപോയ വാഹനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതീഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.