കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
1373945
Monday, November 27, 2023 11:39 PM IST
അഞ്ചൽ: കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കൃഷിയിടങ്ങളിലെ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായി മാറിയതോടെ കൃഷി തന്നെ നിർത്താനൊരുങ്ങുകയാണ് ഒരുകൂട്ടം കര്‍ഷകര്‍.
ഇടമുളയ്ക്കൽ പഞ്ചായത്തിലെ തേവർതോട്ടം, തിട്ടക്കര, മതുരപ്പ, കൊമ്പേറ്റിമല, മീനണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിലെ ഏലാകളിലും കരയിലുമായി കൃഷി ചെയ്തിട്ടുള്ള കൃഷിയാണ് കൂട്ടമായും അല്ലാതെയും ഇറങ്ങുന്ന കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. വാഴ, മരച്ചീനി, പാവൽ, പയർ ഉൾപ്പെടെയുള്ള മിക്ക കൃഷികളും കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചിട്ടിരിക്കുകയാണ്. പതിനായിരങ്ങള്‍ വായ്പയെടുത്തും പണയപ്പെടുത്തിയുമാണ് മിക്ക കർഷകരും കൃഷിയിറക്കിയിട്ടുള്ളത്. പാട്ടകൃഷി നടത്തുന്നവരും നിരവധിയുണ്ട്.
എല്ലാ ക്യഷികളും കുത്തിമറിച്ചിട്ട നിലയിലാണ്. കാട്ടുപന്നികൾ കൂട്ടമായെത്തുന്നതിനാൽ നാട്ടുകാരും ഭയചകിതരാണ്. പലയിടത്തും കർഷകർ ഒത്തുകൂടി നാശനഷ്ടങ്ങൾ വിലയിരുത്തുകയും നഷ്ടപരിഹാരം ലഭിക്കുന്നതിന് അധികൃതരോടാവശ്യപ്പെടുന്നതിനും അല്ലാത്തപക്ഷം കൃഷി ഉപേക്ഷിക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്. നഷ്ടം സഹിച്ച് കൃഷി തുടരുവാൻ തങ്ങൾക്കാവില്ലെന്നാണ് കർഷകരുടെ അഭിപ്രായം. എത്രയും പെട്ടന്ന് ബന്ധപ്പെട്ടവര്‍ ഇടപ്പെട്ട് കാട്ടുപന്നികളെ തുരത്തുകയോ വെടിവച്ചു കൊല്ലുകയോ ചെയ്യണം എന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.