ക്രിസ്മസ്കാല പരിശോ ധന കര്‍ശനമാക്കാന്‍ നിര്‍ദേശം
1373944
Monday, November 27, 2023 11:39 PM IST
കൊല്ലം: ക്രിസ്മസ് പുതുവത്സര കാലയളവില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. കളക്ടറേറ്റില്‍ ചേര്‍ന്ന ചാരായനിരോധന ജനകീയ കമ്മിറ്റി യോഗത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ പരിശോധനനടത്താനും നിര്‍ദേശിച്ചു. വിദ്യാലയങ്ങളിലും റസിഡന്റ്സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചും ബോധവത്കരണവും നടത്തും.
ആള്‍പ്പാര്‍പ്പില്ലാത്ത ഇടങ്ങളും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും പരിശോധനാവിധേയമാക്കും. ജില്ലയില്‍ എക്സൈസ് വകുപ്പ് കഴിഞ്ഞ 22 വരെ 3466 റെയ്ഡുകളും 94 സംയുക്ത റെയ്ഡുകളും നടത്തി. 455 അബ്കാരി കേസ്, 201 എന്‍ഡിപിഎസ്, 2670 കോട്പ കേസുകളുമെടുത്തു. 614 പേരെ അറസ്റ്റ് ചെയ്തു. 36 വാഹനങ്ങളും പിടിച്ചെടുത്തു. കോട്പ കേസുകളില്‍ 1179.527 കിലോഗ്രാം പാന്‍ മസാല ഉല്പന്നങ്ങള് പിടികൂടി, പിഴയായി 5,34,000 രൂപയും ഈടാക്കി.
കൊല്ലം സിറ്റി പോലീസ് 24 കിലോഗ്രാം കഞ്ചാവ്, 17 കഞ്ചാവ് ചെടി, 18 കിലോഗ്രാം ഹാഷിഷ് ഓയില്‍, 1.259 കിഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് 694 പേരെ അറസ്റ്റ് ചെയ്തു. റൂറല്‍ പോലീസ് 12 അബ്കാരി കേസുകള്‍ കണ്ടെത്തി. ആറുപേരെ അറസ്റ്റ് ചെയ്തു. 3.250 ലിറ്റര്‍ ചാരായം, 73.850 ലിറ്റര്‍ വിദേശമദ്യം, 175 ലിറ്റര്‍ വാഷ്, 2540 രൂപ എന്നിവ പിടികൂടി. 124 മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തി. 142 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 148 കോട്പാ കേസുകളിലായി 3678 പാക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങളും പിടികൂടി.
സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്.കൃഷ്ണകുമാര്‍, കെഎസ്ബിസി വെയര്‍ഹൗസ് മാനേജര്‍, പോലീസ്, എക്സൈസ്, ഫോറസ്റ്റ്, വെല്‍ഫെയര്‍ ഫണ്ട്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.