എൻജിനീയറിംഗ് അധ്യാപകർക്ക് ബി ഐ എം പരിശീലനം ഇന്നുമുതൽ
1373686
Monday, November 27, 2023 12:47 AM IST
കൊല്ലം: സിവിൽ എൻജിനീയറിംഗ്, ആർക്കിടെക്ചർ വിദ്യാഭ്യാസത്തിലെ നൈപുണ്യവിടവ് പരിഹരിക്കുവാൻ എ.പി.ജെ .അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല അധ്യാപകർക്കും വിദ്യാർഥികൾക്കും ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗിൽ (ബിഐഎം) പരിശീലനം നൽകുന്നു.
കെട്ടിടനിർമാണത്തിലെ അടിസ്ഥാന പദ്ധതികളുടെ ആസൂത്രണം, രൂപകൽപ്പന, നിർമാണം, മാനേജ്മെന്റ് എന്നിവയ്ക്കായി ഉപയോഗിക്കുന്ന മോഡലുകളെ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയർ ആണ് ബി ഐ എം.
നിർമാണ പദ്ധതികൾ രൂപകൽപന ചെയ്യാനും പ്രോജക്ടുകൾ മാതൃകയാക്കാനും നിർമ്മാണ പ്രവർത്തനങ്ങളിൽ വന്നേക്കാവുന്ന തടസങ്ങൾ ദൂരീകരിച്ച് കാര്യക്ഷമമായി നടപ്പിലാക്കാനുമാണ് സിവിൽ, ആർക്കിടെക്ചർ എൻജിനീയർമാർ ബി ഐ എം സോഫ്റ്റ് വെയർ ഉപയോഗിക്കുന്നത്.
ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനുമായി (ഐ ഐ ഐ സി) ചേർന്നാണ് പ്രോജക്ട് ബേസ്ഡ് ലേണിംഗിലൂടെ അധ്യാപകർക്ക് സർവകലാശാല പരിശീലനം നൽകുന്നത്. അഞ്ച് ദിവസത്തെ ഓഫ്ലൈൻ പരിശീലനംഇന്നുമുതൽ ഐ ഐ ഐ സി കാമ്പസിൽ ആരംഭിക്കും. വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
വിവിധ ബാച്ചുകളിലായി നല്കുന്ന പരിശീലനത്തിലെ ആദ്യ ബാച്ചിൽ തെരഞ്ഞെടുത്ത 30 അധ്യാപകർ പങ്കെടുക്കും. സാങ്കേതിക സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിലെ സിവിൽ എൻജിനീയറിംഗ്, ആർക്കിടെക്ചർ അധ്യാപകരാണ് ട്രെയിനിംഗിൽ പങ്കെടുക്കുന്നത്.
അഞ്ച് ദിവസത്തെ ഓഫ്ലൈൻ പരിശീലനത്തിന് ശേഷം, പങ്കെടുക്കുന്നവർക്ക് 12 ദിവസത്തെ ഓൺലൈൻ പരിശീലനവും നൽകും.
പരിശീലനം ലഭിച്ച അദ്ധ്യാപകർ വിദ്യാർത്ഥികൾക്കുള്ള പരിശീലന പരിപാടിക്ക് നേതൃത്വം നൽകും.
പരിശീലനത്തിന്റെ രണ്ടാം ഘട്ടത്തിൽ, കോളജിൽ ബി ഐ എം 3 ഡി ലെവൽ പരിശീലനം പൂർത്തിയാക്കി സ്ക്രീനിംഗ് ടെസ്റ്റ് വിജയിച്ച വിദ്യാർഥികൾക്ക് ബി ഐ എം 4 ഡി, 5 ഡി പരിശീലനം ഐ ഐ ഐ സി നൽകും.