ലോ ട്ടറി വില വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം: ഐഎൻടിയുസി
1373679
Monday, November 27, 2023 12:47 AM IST
കൊല്ലം: ലോട്ടറി വില 40ൽ നിന്നും 50 രൂപ ആക്കി മാറ്റാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു.
ലോട്ടറി വില 40 രൂപ ആയിട്ടുപോലും സാധാരണ തൊഴിലാളികൾക്ക് അവ ദിവസവും വിറ്റുതീർക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ലോട്ടറി മാഫിയകൾ നിയമവിധേയം അല്ലാതെ നടത്തുന്ന വിലകുറച്ചു വില്പന, സെറ്റു വില്പന, ഓൺലൈൻ വില്പന എന്നിവ മൂലം നടന്നു വിൽക്കുന്ന സാധാരണ തൊഴിലാളികൾക്ക് ടിക്കറ്റ് കച്ചവടം ചെയ്യുവാൻ ആകുന്നില്ല.
വിലകുറച്ച് ഓൺലൈൻ സെറ്റ് വില്പന നിയന്ത്രിച്ചാൽ മാത്രമേ ലോട്ടറി ക്ഷാമം പരിഹരിക്കുവാനും തൊഴിലാളികൾക്ക് ലോട്ടറി വിറ്റ് ഉപജീവനം നടത്തുവാനും കഴിയൂ എന്ന് യോഗം വിലയിരുത്തി.
8, 9, 10 തീയതികളിൽ കൊല്ലത്ത് നടക്കുന്ന ഐഎൻടിയുസി ജില്ലാ സമ്മേളനം വിജയിപ്പിക്കുവാനും ഒന്പതിന് കൊല്ലത്ത് നടത്തുന്ന തൊഴിലാളി റാലിയിൽ എല്ലാ നിയോജകമണ്ഡലങ്ങളിൽ നിന്നും ശക്തമായ പങ്കാളിത്തം വഹിക്കുന്നതിനും തീരുമാനിച്ചു.
ഓൾ കേരള ലോട്ടറി ഏജന്റ് സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഒ.ബി .രാജേഷ് അധ്യക്ഷത വഹിച്ച യോഗം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ചവറ ഹരീഷ്, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി എസ് .നാസറുദ്ദീൻ, സംസ്ഥാന സെക്രട്ടറിമാരായ വിളയത്ത് രാധാകൃഷ്ണൻ, എസ് .സലാഹുദ്ദീൻ, ജില്ലാ നേതാക്കന്മാരായ എസ്. ശിഹാബുദ്ദീൻ, മുനീർ ബാനു, റീന സജി, വിശാഖ് ഇളമ്പൽ, ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.