സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം :തോ മസ് ഐസക്
1373678
Monday, November 27, 2023 12:47 AM IST
കൊട്ടിയം: സഹകരണ മേഖലയുടെ വിശ്വാസ്യതയെ തകർക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് മുൻ മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. സംസ്ഥാന സഹകരണ വാരാഘോഷസംസ്ഥാന തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനങ്ങൾക്ക് ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത തകർക്കുന്നതിനു വേണ്ടിയാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് റെയ്ഡുകൾ നടത്തുന്നത്.
കിഫ് ബി യുടെ പേരിൽ ഇഡി അന്വേഷണം നടത്തി ഒരു വർഷം കഴിഞ്ഞിട്ടും കേസ് എന്താണെന്നോ, രേഖകൾ എന്തിനാണെന്നോ വ്യക്തമാക്കുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. സഹകരണ മേഖലയിലെ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും വായ്പയായി നൽകിയിരിക്കുകയാണെന്ന് അറിഞ്ഞുവച്ചു കൊണ്ട് ചിലർ സമ്മേളനങ്ങൾ വിളിച്ചു കൂട്ടി നിക്ഷേപങ്ങൾ പിൻവലിക്കുവാൻ ആഹ്വാനം നൽകുകയാണ്. സഹകരണ മേഖലയോടുള്ള ഈ വെല്ലുവിളിയെ രാഷ്ടീയ ഭേദമന്യേ ഒറ്റക്കെട്ടായി നേരിടണം. കളമുണ്ടെങ്കിലെ ചിത്രം വരയ്ക്കുവാൻ പറ്റുകയുള്ളുവെന്ന തിരിച്ചറിവു നമുക്കുവേണം.
നോട്ടു നിരോധനത്തിലൂടെ സഹകരണ മേഖലയെ തകർക്കുകയായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നത്.ബ്രിട്ടീഷുകാരുടെ കാലത്തും, ഇന്ത്യ സ്വതന്ത്രമായതിന് ശേഷവും കൃഷിയുടെ ഭാഗമായിരുന്നു സഹകരണ മേഖല.എന്നാൽ ഇന്ന് സഹകരണ വകുപ്പ് കൈകാര്യം ചെയ്യുന്നത് കൃഷിമന്ത്രിയല്ല അഭ്യന്തരമന്ത്രിയാണെന്നും തോമസ് ഐസക് പറഞ്ഞു.
സഹകരണ മേഖലയെ കേന്ദ്രത്തിന്റെചൊൽപ്പടിയിലേക്ക് കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കരിവന്നുരിൽ ക്രമക്കേട് നടന്നിട്ടുണ്ടെകിൽ ക്രമക്കേട് നടത്തിയവർ ശിക്ഷിക്കപ്പെടണം. നാടിന്റെ കരുത്താണ് സഹകരണ മേഖല.
നെഹ്റു വിന്റെ കാഴ്ചപ്പാടുകൾക്കു പകരം രാജ്യത്ത് മേധാവിത്വമാണ് പുലരുന്നത്. തെറ്റുകൾ മൂടിവെച്ച് ആരെയും രക്ഷപെടുത്തരുത്.ശക്തമായ നടപടി എടുത്തു കൊണ്ട് ഇനി ഇത് ആവർത്തിക്കില്ലെന്ന് ജനങ്ങളോട് പറയാൻ കഴിയണം. സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന കാട്ടു കള്ളൻമാരെ തുറന്നു കാട്ടാൻ നിക്ഷേപകരെ ഒരുമിച്ച് സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. എം.ഗംഗാധര കുറുപ്പ്, ടി. നരേന്ദ്രൻ മുൻ എംഎൽഎകെ.പ്രകാശ് ബാബു,കരകുളം കൃഷ്ണപിള്ള എന്നിവർമുഖ്യപ്രഭാഷണം നടത്തി.കെ.രാജഗോപാൽ,മുൻ എം.പി പി.രാജേന്ദ്രൻ, മേയർ പ്രസന്നാ ഏണസ്റ്റ്. ഗ്ലാഡി ജോൺ പുത്തൂർ.ജി ലാലു. തുടങ്ങിയവർ പ്രസംഗിച്ചു.