സ്കൂള്‍ കലോ ത്സവത്തിന് കുറ്റമറ്റ സംഘാടനം ഉറപ്പാക്കണം : ജില്ലാ വികസന സമിതി
1373675
Monday, November 27, 2023 12:47 AM IST
കൊല്ലം: ജനുവരിയില്‍ കൊല്ലത്ത് നടത്തുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം മികച്ച രീതിയില്‍ നടത്തുന്നതിനായി സംഘാടനത്തില്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ നിര്‍ദ്ദേശം.
വേദി ഒരുക്കുന്നത് മുതല്‍ എല്ലാമേഖലകളിലും കുറ്റമറ്റക്രമീകരണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് അധ്യക്ഷനായ ജില്ലാ കളക്ടര്‍ എന്‍ .ദേവിദാസ് വ്യക്തമാക്കി.
സ്കൂള്‍-ഓഫീസ് സമയങ്ങളില്‍ വലിയ ചരക്ക് വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കണം. പത്തനാപുരത്തെ വന്യമൃഗശല്യം രൂക്ഷമായ മേഖലയില്‍ സോളാര്‍ ഫെന്‍സിംഗിനുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കണം. ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും ആവശ്യം ഉയര്‍ന്നു.
ശബരിമല തീര്ഥാടനവേളയില്പുനലൂരില് പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണം. അധിക പോലീസ് ഉദ്യോഗസ്ഥരുമുണ്ടാകണം. പുനലൂര്‍-ചെങ്കോട്ട പാതയിലെ അപകടമേഖലയില്‍ വാഹന പരിശോധന കൂടുതല്‍ കര്‍ശനമാക്കണം. ഭൂരഹിതരില്ലാത്ത പുനലൂര്‍ പദ്ധതിയുടെ നടത്തിപ്പിനായി അധിക സര്‍വേയര്‍മാരെ ആവശ്യമുണ്ടെന്നും നിര്‍ദേശമുയര്‍ന്നു.
ജില്ലയിലെ സര്‍ക്കാര്‍ ആംബുലന്‍സുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ചെങ്ങന്നൂര്‍-കൊല്ലം കെഎസ്ആര്‍ടിസി സര്‍വീസിന്റെ സമയം പുനക്രമീകരിക്കണം. മണ്ട്രോത്തുരുത്തില് പോലീസ് ബോട്ട് ലഭ്യമാക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു.
തഴവ സര്‍ക്കാര്‍ ഐ എച്ച് ആര് ഡി കോളജിന്റെ പുതിയ കെട്ടിട നിര്‍മാണത്തിനായുള്ള നടപടികള്‍ ഊര്‍ജിതമാക്കണം.
മാളിയേക്കല്‍ മേല്‍പ്പാലവും അപ്പ്രോച്ച്റോഡ് നിര്‍മ്മാണവും സമയബന്ധിതമായി നടത്തണം. ജല്‍ജീവന്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പൊളിച്ച റോഡുകള്‍ പുനര്‍ നിര്‍മിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനവും നവകേരള സദസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപുരോഗതിയും യോഗം പരിശോധിച്ചു.
സിറ്റി പോലിസ് കമ്മിഷണര്‍ വിവേക് കുമാര്‍, റൂറല്‍ എസ് പി സാബു മാത്യു, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി .ജെ. ആമിന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും എം എല്‍ എ മാരുടെ പ്രതിനിധികളും പങ്കെടുത്തു.