ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന് തുടക്കം
1373420
Sunday, November 26, 2023 1:50 AM IST
കൊല്ലം :വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനുമായി നടത്തുന്ന രണ്ടാഴ്ചത്തെ 'ഓറഞ്ച് ദ വേള്‍ഡ്' കാമ്പയിന് തുടക്കമായി. ഉദ്ഘാടനവും തേവള്ളി സര്‍ക്കാര്‍ സ്കൂളില്‍ അവസാനിക്കുന്ന സന്ദേശറാലിയുടെ ഫ്ളാഗ്ഓഫും ജില്ലാ കളക്ടര്‍ എന്‍ .ദേവിദാസ് സിവില്‍ സ്റ്റേഷന് പരിസരത്ത് നിര്‍വഹിച്ചു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, ഗാര്‍ഹീകപീഡനം, ലിംഗ വിവേചനം സ്ത്രീധനപീഡനം, ശൈശവവിവാഹം, ദുരാചാരങ്ങള്‍ തുടങ്ങിയവ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കുകയാണ് ഡിസംബര്‍ 10 വരെയുള്ള കാമ്പയിന്റെ ലക്ഷ്യം. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എസ് എന്‍ കോളജിലെ എന്‍എസ്എസ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ്, ട്രിനിറ്റി ലൈസിയം സ്കൂള്‍ ബാന്‍ഡ് എന്നിവ നടന്നു.
ജില്ലാ വനിത ശിശുവികസന ഓഫീസര്‍ പി. ബിജി , ഐ സി ഡി എസ് പ്രോഗ്രാം ഓഫീസര്‍ നിഷ, ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രസന്ന കുമാരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജംലറാണി, അങ്കണവാടി ജീവനക്കാര്‍, ഐ സി ഡി എസ് പ്രതിനിധികള്‍, കുടുംബശ്രീ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.