നവകേരള സദസ് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള വേദി: കൊടിക്കുന്നിൽ
1373419
Sunday, November 26, 2023 1:50 AM IST
കൊല്ലം: കടന്നുവരുന്ന വഴികളിൽ എല്ലാം തന്നെ പ്രതിപക്ഷ പ്രവർത്തകരുടെ നേർക്ക് പോലീസ് അക്രമവും മർദനവും കൊണ്ട് രക്തരൂഷിതമായ ഫാസിസത്തിന്റെ വഴിവെട്ടുകയാണ് ആഡംബര ബസിന്റെ അമരത്തിരിക്കുന്ന നവകേരള സദസ് എന്ന പേരിൽ നാടുചുറ്റുന്ന പിണറായിയും മന്ത്രിമാരുടെ സംഘവുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം പി ആരോപിച്ചു.
കോടതി നിർദേശം ഉണ്ടായിട്ടും കോളജുകളിൽ നിന്നും സ്കൂളുകളിൽ നിന്നും ആളുകളെ നവകേരള സദസിന്റെ പരിപാടികളിലേക്ക് എത്തിക്കുന്ന നടപടി തികഞ്ഞ കോടതിയലക്ഷ്യം ആണെന്നും, അധികാരത്തിന്റെ ബലത്തിൽ എന്തും കാട്ടാമെന്ന അഹന്തയാണ് പിണറായി ഭരണകൂടത്തെ ബാധിച്ചതെന്നും, നവകേരള ബസ് ചെളിയിൽ പുതഞ്ഞതുപോലെ ജനദ്രോഹ പിണറായി ഭരണം ചെളിയിൽ പുതയുന്ന സാഹചര്യം ആണ് കേരളത്തിൽ നിലനിൽക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.
ജനങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷവും തകർത്തെറിഞ്ഞു കൊണ്ട്, സമാധാനവും സന്തോഷവും പോലും ഇല്ലാതാക്കി സമസ്ത മേഖലയിലും അനീതിയും അരാജകത്വവും മാത്രം വിതറുന്ന , കഴിവുകെട്ട പിണറായി ഭരണകൂടത്തിന്റെ നാളുകൾ അവസാനിക്കുകയാണെന്നും, സമൂഹത്തിലെ കർഷകരും, തൊഴിലാളികളും, വിദ്യാർഥികളും, വീട്ടമ്മമാരും, ഉദ്യോഗസ്ഥരും, സകല ജനവിഭാഗവും ഇടതുമുന്നണി ഭരണത്തെ വെറുത്തുകഴിഞ്ഞുവെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ചരിത്രമാകുമെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.