ചോഴിയക്കോട് അരിപ്പ എംആർഎസ് സ്കൂളിലെ വിദ്യാർഥികൾക്ക് അഭിമാന വിജയം
1373417
Sunday, November 26, 2023 1:46 AM IST
കുളത്തുപ്പുഴ: ചോഴിയക്കോട് അരിപ്പ എംആർഎസ് സ്കൂളിലെ വിദ്യാർഥികൾ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളത്തിൽ അഭിമാന നേട്ടം കൈവരിച്ചു.
പട്ടികവർഗവികസനവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളാണ് മികച്ചനേട്ടം കരസ്ഥമാക്കിയത്. 11 ടീമുകൾ വാശിയോടെ മത്സരിച്ചതിൽ സി ഗ്രേഡാണ് ടീമിന് ലഭിച്ചത്.
കലോത്സവത്തിന് എത്രയോ മുൻപ് തന്നെ ചെണ്ടമേള മത്സരത്തിന് പരിശീലനം ലഭിച്ച, ശാസ്ത്രീയ രീതിയിൽ ചെണ്ടമേളം പഠിച്ച, കൊമ്പും കുഴലും വാദ്യോപകരണങ്ങൾ ഉപയോഗിച്ച ടീമുകളാണ്. സൗകര്യങ്ങൾ ഒട്ടും ഇല്ലാത്ത കുളത്തൂപ്പുഴയിലെ എംആർ സ്കൂളിലെ വിദ്യാർഥികൾ കടുത്ത മത്സരത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
വെറും ചെണ്ട,ഇലത്താളം എന്നിവ മാത്രം ഉപയോഗിച്ച് കൊണ്ടാണ് ജില്ലാ കലോൽസവത്തിൽ സി ഗ്രേഡ് നേടിയത്. ശാസ്ത്രീയമായ രീതിയിൽ ചെണ്ടമേളം പരിശീലനം ലഭിക്കാത്ത വിദ്യാർഥികൾ അവരുടെ കഴിവ് കൊണ്ട് മാത്രമാണ് ചെണ്ടമേളത്തിൽ അഭിമാനകരമായ നേട്ടം കൈവരിച്ചത്.
ഹയർ സെക്കണ്ടറി വിദ്യാർഥികളായഅഭിജിത്ത്, ശരൺ ബാബു, ജയദേവൻ കാണി, പി.ശരവണൻ, സനൂജ്, അജയ് അശോക്, എസ്.എ.അജിത്ത് എന്നീ വിദ്യാർഥികളാണ് ചെണ്ടമേളത്തിൽ പങ്കെടുത്തത്.