മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി 10000 രൂപ പിഴ അടപ്പിച്ചു
1373410
Sunday, November 26, 2023 1:46 AM IST
കല്ലുവാതുക്കൽ: അടുതല പള്ളിക്ക് സമീപം പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചവരിൽ നിന്നും 10000 രൂപ പിഴ ഈടാക്കി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് അടുതല പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് മാലിന്യം ചാക്കുകളിലാക്കി രാത്രികാലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സ്ഥല പരിശോധന നടത്തിയ അസി.സെക്രട്ടറി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തുന്നതിന് ചാക്ക് കെട്ടുകൾ തുറന്ന് പരിശോധിക്കുകയും പരവൂർ നഗരസഭ പരിധിയിലുള്ള ഒരു സ്ഥാപനത്തിന്റെ രേഖകൾ ലഭിക്കുകയും ചെയ്തു. തുടർന്ന് പ്രസ്തുത സ്ഥാപനത്തിന് നോട്ടീസ് നൽകി മാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യിക്കുകയും 10000 രൂപ പിഴ ഗ്രാമപഞ്ചായത്തിൽ അടപ്പിക്കുകയും ചെയ്തു.
മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വരും ദിവസങ്ങളിൽ രാത്രികാല സ്ക്വാഡുകൾ പ്രവർത്തനം ആരംഭിക്കുമെന്നും ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് കണ്ടെത്തി ഗ്രാമപഞ്ചായത്തിനെ അറിയിക്കുന്നതിന് പ്രാദേശിക തലത്തിൽ പൊതുജനങ്ങളുടെ കൂട്ടായ്മകൾ രൂപീകരിക്കുമെന്നും കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസൻ അറിയിച്ചു.