കായിക രംഗത്ത് നെറ്റ്ബാൾ രാജ്യത്തിന്റെ അഭിമാനം: എൻ.കെ.പ്രേമചന്ദ്രൻ എംപി
1373403
Sunday, November 26, 2023 1:31 AM IST
കൊല്ലം: കായികക്ഷമതയുള്ള ഒരു രാഷ്ട്രത്തിനും, സമൂഹത്തിനും മാത്രമേ വളർച്ചയും പുരോഗതിയും കൈവരിക്കുവാൻ കഴിയുകയുള്ളുവെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. മുപ്പത്തിയാറാമത് സംസ്ഥാന ജൂനിയർ പുരുഷ ,വനിതാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര കായിക രംഗത്ത് ഇന്ത്യക്ക് ഇന്ന്ശോഭിക്കുവാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.ചുരുങ്ങിയ കാലത്തിനുള്ളിൽ കായിക രംഗത്ത് ഇടം നേടിയ നെറ്റ് ബോൾ രാജ്യാന്തര രംഗത്ത് ശ്രദ്ധ ആകർഷിക്കുന്ന കായിക ഇനമായി മാറിയതായും.രാജ്യാന്തര മൽസരങ്ങളിൽ ഇന്ത്യയുടെ യശസ് ഉയർത്തുവാൻ നെറ്റ് ബോളിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിൽ നടന്ന നാഷണൽ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ കായിക താരങ്ങൾക്ക് ഉപഹാരം നൽകി എം.പി. ആദരിച്ചു. നെറ്റ് ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അൻസർ അസീസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എസ്.നുജുമുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ.കെ.ജോഹർ, ജില്ലാസ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.കെ.രാമഭദ്രൻ.
ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പാൾ റവ.ഡോ. സിൽവി ആന്റണി, അസോസിയേഷൻ സംസ്ഥാന ട്രഷറർ സാബിറ , ഷിബു ജർമൻ, അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.മൽസരങ്ങളിൽ കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിൽപ്പരം പുരുഷ വനിതാ കായിക താരങ്ങൾ പങ്കെടുക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും, സമ്മാനദാനവും എം.നൗഷാദ് എം.എൽ.എ.നിർവഹിക്കും. ഡെപ്പൂട്ടി പൊലീസ് കമ്മീഷണർ സോണി ഉമ്മൻ കോശി മുഖ്യാതിഥിയായിരിക്കും.സംസ്ഥാന സെക്രട്ടറി എസ്.നുജുമുദീൻ അധ്യക്ഷത വഹിയക്കും.