കല്ലട ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗ്: വിയപുരം ചുണ്ടൻ ജേതാക്കൾ
1373398
Sunday, November 26, 2023 1:31 AM IST
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് മൺറോതുരുത്ത് മുതിരപ്പറമ്പ് കാരൂത്തറ കടവ് നെട്ടായത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് 11-ാമത് പാദ മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വിയപുരം ചുണ്ടൻ ഒന്നാം സ്ഥാനത്തെത്തി.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരിയുടെ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. പോലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടിൽ തേക്കതിൽ മൂന്നാം സ്ഥാനത്തെത്തി. കല്ലട ജലോത്സവത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡ് യുവ സാരഥി ബോട്ട് ക്ലബിന്റെ സരിത്ത് ബാബു ക്യാപ്റ്റനായ മൂന്ന് തൈക്കൻ ഒന്നാം സ്ഥാനം നേടി.
സന്തോഷ് ശിപായിത്തറ ക്യാപ്റ്റനായ കെ.കെ.ബി.സി മൺറോത്തുരുത്തിന്റെ തുരുത്തിത്തറ രണ്ടാം സ്ഥാനം, ഫീനിക്സ് മൺറോത്തുരുത്ത് വൈശാഖ് ക്യാപ്റ്റനായ മാമൂടൻ മൂന്നാം സ്ഥാനം, ഇരുട്ടുകുത്തി ബി വില്ലിമംഗലം എംജിഎമ്മിന്റെ ഡെസ് ലി റോയ് ക്യാപ്റ്റനായ ശരവണൻ ഒന്നാം സ്ഥാനം, ദീപു ക്യാപ്റ്റനായ ശിങ്കാരപ്പള്ളി യുവരശ്മിയുടെ സെന്റ് ജോസഫ് രണ്ടാംസ്ഥാനം, പെരുങ്ങാലം ഭാവനയുടെ ചന്തു ക്യാപ്റ്റനായ ഡാനിയേൽ മൂന്നാം സ്ഥാനവും നേടി.
വെപ്പ് എ ഗ്രേഡ് മൺറോത്തുരുത്ത് വേണാട് ബോട്ട് ക്ലബിന്റെ അളകാപുരി ബദ്രിനാഥ് ക്യാപ്റ്റനായ ഷോട്ട് പുളിക്കത്തറ ഒന്നാമനായി. കൺട്രാം കാണി സ്പാർട്ടൻസ് ബോട്ട് ക്ലബിന്റെ രഞ്ജിത്ത് ക്യാപ്റ്റനായ നവജ്യോതി രണ്ടാം സ്ഥാനവും നേടി.
വെപ്പ് ബി ഗ്രേഡ് ഇന്ത്യൻ ബോയ്സിന്റെ സൗരവ് ക്യാപ്റ്റനായ പുന്നത്തറ പുരയ്ക്കൽ ഒന്നാമതായി. രജ്ഞിത്ത് കണ്ഠത്തിൽ ക്യാപ്റ്റനായ പടിഞ്ഞാറേക്കല്ലട അംബേദ്കർ ബോട്ട് ക്ലബിന്റെ ചിറമേൽ തോട്ടുകടവൻ രണ്ടാം സ്ഥാനവും യുണൈറ്റഡ് കല്ലട ബോട്ട് ക്ലബിന്റെ താഹ ക്യാപ്റ്റനായ പി.ജി. കരിപ്പുഴ മൂന്നാം സ്ഥാനവും നേടി.
യൂസേഴ്സ് ഫൈനലിൽ വേമ്പനാട്ട് ബോട്ട് ക്ലബിന്റെ ആയാപ്പറമ്പ് പാണ്ടി ഒന്നാമതും കെബിസിയുടെ പായിപ്പാടാൻ രണ്ടാമതും കുമരകം ബോട്ട് ക്ലബിന്റെ ചമ്പക്കുളം മൂന്നാം സ്ഥാനവും നേടി.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജലോ ത്സവം ഉദ്ഘാടനം ചെയ്തു.കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷനായി.
ജില്ലാ കളക്ടർ എൻ .ദേവീദാസ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി, പടിഞ്ഞാറെകല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി .ദിനേശ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി. ജയചന്ദ്രൻ, മൺറോതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ആർ. അനീറ്റ, പ്രാദേശിക കമ്മിറ്റി ജനറൽ കൺവീനർ ബിനു കരുണാകരൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. പ്രമീള, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ബന്ധപെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.