എസ്ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം: മനുഷ്യാവകാശ കമ്മിഷൻ
1373116
Saturday, November 25, 2023 12:01 AM IST
കൊല്ലം: കുണ്ടറ എസ്ഐയായിരിക്കെ അച്ഛനെയും മകനെയും അക്കാരണമായി മർദിച്ചെന്ന പരാതിയിൽ ഇപ്പോൾ കടക്കൽ എസ് ഐയായി പ്രവർത്തിക്കുന്ന അംബരീഷിനെതിരെ മാതൃകാപരമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കുണ്ടറ, ശാസ്താംകോട്ട, കിളികൊല്ലൂർ പോലീസ് സ്റ്റേഷനുകളിൽ നിയമിക്കപ്പെടുന്ന ഉദ്യേഗസ്ഥരുടെ മുൻകാല പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിച്ച ശേഷം മാത്രം നിയമനം നൽകണമെന്നും കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നൽകി.
തന്നെയും മകനെയും എസ് ഐ മർദ്ദിച്ചതിനെതിരെ പെരുമ്പുഴ സ്വദേശി സുനിൽ കുമാർ സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.
പരാതിക്കാരനും മകനും ചേർന്ന് തന്റെ പശുവിനെ മർദ്ദിച്ചെന്ന് ആരോപിച്ച് സുനിൽ കുമാറിന്റെ അയൽവാസി ആര്യ സമർപ്പിച്ച പരാതിയിലാണ് സുനിൽ കുമാറിനും മകനും മർദ്ദനമേറ്റത്. പരാതി എസ്ഐ നിഷേധിച്ചു. എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
എസ്ഐ ഏകപക്ഷീയമായാണ് പെരുമാറിയത്.വിദ്യാർഥിയായിരുന്ന പരാതിക്കാരന്റെ മകനെ ഉപദ്രവിക്കുക വഴി മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾക്ക് ഇടയാക്കി. എസ്ഐ സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതായി കമ്മീഷൻ കണ്ടെത്തി.
കൊല്ലം ജില്ലയിലെ ചില സ്റ്റേഷനുകളിൽ പ്രത്യേകിച്ച് കുണ്ടറ , ശാസ്താംകോട്ട, കിളികൊല്ലൂർ സ്റ്റേഷനുകളിൽ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർ തങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങൾ മറന്ന് അടിയന്തരാവസ്ഥ കാലത്തെ പോലീസിനെ പോലെ ജനങ്ങളെ അക്കാരണമായി മർദ്ദിക്കാൻ മുതിരുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ആളുകളെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ പാർപ്പിക്കുന്നു.എന്നിട്ട് ഉയർന്ന ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തങ്ങൾക്ക് അനുകൂലമായി റിപ്പോർട്ടുണ്ടാക്കുന്നതായും കമ്മീഷൻ കണ്ടെത്തി. ഇപ്രകാരം ഇവർ നടപടികളിൽ നിന്നും രക്ഷപ്പെടുന്നു. ഇത്തരത്തിലുള്ള അധാർമിക പ്രവൃത്തികൾ സംഭവിക്കാതിരിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.