വിദ്യാഭ്യാസ മേഖലയിൽ നല്ല ഭാവിക്കായുള്ള പഠനസമ്പ്രദായം ഉറപ്പാക്കും: മന്ത്രി കെ. എന്‍. ബാലഗോപാല്‍
1339985
Tuesday, October 3, 2023 11:14 PM IST
കൊല്ലം നല്ല ഭാവി ലക്ഷ്യമാക്കിയാണ് തൊഴില്‍പരിശീലന പാഠ്യസംവിധാനം സംസ്ഥാനത്ത് പ്ലസ് ടു തലം മുതല്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെകൻഡറി സ്കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്കില്‍ ഷെയര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടുപോകണമെങ്കില്‍ തൊഴില്‍ അറിഞ്ഞിരിക്കണം. വൈദഗ്ധ്യം കൂടി ഉറപ്പാക്കിയുള്ള പഠനസമ്പ്രദായമാണ് ഇവിടെ പിന്തുടരുന്നത്. തൊഴില്‍നൈപുണ്യവും ആര്‍ജിക്കുന്ന അറിവുകളും പരമാവധി പങ്കിടപ്പെടേണ്ടത് പ്രധാനമാണ്. സ്കില്‍ ഷെയര്‍ ഈ പശ്ചാത്തലത്തിലാണ് അനിവാര്യതയാകുന്നത്.
വര്‍ക്ക് നിയര്‍ ഹോം സംവിധാനം വിജയമാകുകയാണ്. ഒട്ടേറെ കമ്പനികള്‍ തൊഴില്‍ ഉറപ്പാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതും. ഇതിനായി മികവുറ്റ തൊഴില്‍ വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കുന്നതിനുള്ള പാഠങ്ങളാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്നത്.
അനൂകൂലസാഹചര്യം ഒരുക്കിത്തരുമ്പോള്‍ നൂതന ആശയങ്ങള്‍കൂടി രൂപപ്പെടുത്തി ജീവിതം സുരക്ഷിതമാക്കാനാകും. അധ്യാപകരും വിദ്യാര്‍ഥികളും ഇതിന് മുന്‍കൈയെടുക്കണം. മൂല്യവര്‍ധിത ഉത്പന്നനിര്മാണത്തിന്റെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
നഗരസഭ ചെയര്മാന് എസ്. ആര്. രമേശ് അധ്യക്ഷനായി. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.