ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായ കൊട്ടാരക്കര സ്വദേശികളെ ആദരിച്ചു
1339984
Tuesday, October 3, 2023 11:14 PM IST
കൊട്ടാരക്കര: ചന്ദ്രയാൻ 3 ദൗത്യ സംഘത്തിലെ പ്രധാനികളും കൊട്ടാരക്കര നിവാസികളുമായ ശാസ്ത്രജ്ഞർക്ക് മഹാത്മ റിസർച്ച് ലൈബ്രറി ഗാന്ധി ജയന്തി ദിനത്തിൽ ആദരവ് നൽകി. ചന്ദ്രയാൻ ദൗത്യസംഘത്തിന് നിർണായകമായ നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥർ കൊട്ടാരക്കരയ്ക്ക് മാത്രമല്ല ഇന്ത്യയിലെ 142 കോടി ജനതയുടെ അഭിമാനമായി മാറിയെന്ന് ഗാന്ധിജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്ത് കൊടിക്കുന്നിൽ സുരേഷ്എം പി പറഞ്ഞു.
ചന്ദ്രയാൻ ദൗത്യത്തിൽ നേരിട്ട് പങ്കെടുത്ത് അഭിമാനമായി മാറിയവരെ ആദരിക്കാൻ ലഭിച്ചത് തനിക്ക് കിട്ടിയ സുവർണനിമിഷമാണെന്ന് ശാസ്ത്രജ്ഞർക്ക് നൽകിയ സ്നേഹാദരവ് ഉദ്ഘാടനം ചെയ്തുകൊണ്ട് പി. സി . വിഷ്ണുനാഥ് എം എൽ എ പറഞ്ഞു.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനടുത്തു ജനിച്ച വി എസ് എസി അസോസിയേറ്റ് ഡയറക്ടർ ആയ എ.ഷൂജ. യുടെ നേതൃത്വത്തിൽ എത്തിയ ടീമിൽ പ്ലാമൂട് സ്വദേശി സീനിയർ സയന്റി സ്റ്റ് നെൽസൺ , പെരുംകുളം സ്വദേശിയും ചന്ദ്രായൻ-മൂന്നിന്റെ സോഫ്റ്റ് വെയർ പ്രോഗ്രാമിങ്ങിന് നേതൃത്വം കൊടുത്ത കംപ്യൂട്ടേഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ജയലക്ഷ്മി , നെടുവത്തൂർ സ്വദേശി സയിന്റി സ്റ്റ് എസ്. അനൂപ് , പ്രോജക്ട് എൻജിനീയർ ആർ. കൃഷ്ണകുമാർ എന്നിവർക്കാണ് മഹാത്മ ആദരവ് നൽകിയത്. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ കൊല്ലം അസി : എക്സൈസ് കമ്മീഷണർ വി.റോബർട്ട് ,കൊല്ലം റൂറൽ ഡി വൈ എസ് പി എം. എം .ജോസ് എന്നിവരെയും മഹാത്മ ആദരിച്ചു.
മഹാത്മ ഇന്റർ സ്കൂൾ ക്വിസ് കോമ്പറ്റീഷനിൽ ഒന്ന് .രണ്ട് .മൂന്ന് സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും മുനിസിപ്പൽ ചെയർമാൻ എസ്. ആർ .രമേശ് നൽകി. കൊട്ടാരക്കര ടൗൺ യു പി എസിലും കൊട്ടാരക്കര ബോയ്സ് ഹൈസ്കൂളിലും എസ് ജി കോളജിലും പഠിച്ച ഷൂജ 1978 ൽ എസ് എസ് എൽ സി ക്ക് മൂന്നാം റാങ്ക് ജേതാവായി കൊട്ടാരക്കര ബോയ്സ് ഹൈസ്ക്കൂളിനും നാടിനും അഭിമാനമായി മാറിയ വ്യക്തിത്വമാണ്. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലും പഠനം പൂർത്തിയാക്കിയാണ് വി എസ് എസ് സിയിൽ ചേർന്നത്. ഇന്ന് വിഎസ്എസ് സിയിലെ രണ്ടാമനാണ് ഈ കൊട്ടാരക്കരക്കാരൻ.
ഏത് വിദ്യാലയത്തിൽ പഠിച്ചാലും വേണ്ടത് മനസിലാക്കി പഠിക്കാൻ ഓരോ വിദ്യാർഥിയും ശ്രമിച്ചാൽ ആ നിശ്ചയദാർഡ്യം അവരെ ഉന്നതങ്ങളിൽ എത്തിക്കുന്നതിന് സഹായിക്കുമെന്ന് മറുപടി പ്രസംഗത്തിൽ ഷൂജ പറഞ്ഞു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ അടുത്ത് നിയമിതനായ എംപി കൊടിക്കുന്നിൽ സുരേഷിനേയും മഹാത്മ സ്നേഹോപഹാരം നൽകി സ്വീകരിച്ചു.
മഹാത്മ ലൈബ്രറി പ്രസിഡന്റ് പി .ഹരികുമാർ അധ്യക്ഷത വഹിച്ചു .ബി .സുരേന്ദ്രൻ നായർ, കെ .ജി .റോയ്, കോശി കെ. ജോൺ, ആർ .രാജേഷ് കുമാർ, രേഖ ഉല്ലാസ്, അഡ്വ. ലക്ഷ്മി അജിത്ത്, ജലജ ശ്രീകുമാർ, ശാലിനി വിക്രമൻ, രാജേന്ദ്രൻ പിള്ള, ഉണ്ണികൃഷ്ണൻ നായർ, ബി .പ്രദീപ്കുമാർ, രജ്ഞിത് കുമാർ , അന്തമൺ ശ്രീകുമാർ, എസ്. എ .കരീം തുടങ്ങിയവർ പ്രസംഗിച്ചു.