മൂല്യബോധമുള്ള തലമുറ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം: വി.എം സുധീരൻ
1339977
Tuesday, October 3, 2023 11:09 PM IST
ചാത്തന്നൂർ: മൂല്യബോധമുള്ള തലമുറ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം സുധീരൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി യുവതലമുറയുടെ കൈയിലാണന്നും രാഷ്ട്ര പുനർനിർമാണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ പുതുതലമുറ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയതലമുറ രാഷ്ട്രീയത്തോട് കാണിക്കുന്ന വിമുഖത രാഷ്ട്രീയത്തിലെ അരുതായ്മകൾ കാരണമാണെന്നും മൂല്യബോധമുള്ളവർ കടന്ന് വരുന്നതോടെ രാഷ്ട്രീയ അപചയം ഇല്ലാതാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് സേവാദൾ സംസ്ഥാന മുൻ ചീഫ് ഓർഗനൈസർ എം.സുന്ദരേശൻപിള്ളയുടെ സ്മരണാർഥം ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സർവകക്ഷി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സേവാദളിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കൃത്യമായ രാഷ്ട്രീയ അവബോധം പുതു തലമുറയിലേക്ക് പകർന്ന് നൽകുവാനും പരിശീലിപ്പിക്കാനും എം.സുന്ദരേശൻ പിള്ള മുൻകൈ എടുത്തതായും അദ്ദേഹം പറഞ്ഞു.
കെപിസിസി അംഗം നെടുങ്ങോലം രഘു അധ്യഷനായി. കെപിസിസി സെക്രട്ടറി സൂരജ് രവി, കോൺഗ്രസ് ചാത്തന്നൂർബ്ലോക്ക് പ്രസിഡന്റ് ബിജുവിശ്വരാജൻ, കെപിസിസി നിർവാഹക സമിതി മുൻ അംഗം എൻ.ജയചന്ദ്രൻ, ആർഎസ്പി കേന്ദ്ര കമ്മിറ്റി അംഗം ജി.രാജേന്ദ്രപ്രസാദ്, പരവൂർ നഗരസഭാ അധ്യക്ഷ പി.ശ്രീജ, ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലബിനു, ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.സണ്ണി, ബിജെപി സഹകരണ സെൽജില്ലാ പ്രസിഡന്റ് എസ്.വി. അനിത്ത്, ഡിസിസി ജനറൽ സെക്രട്ടറിമാരായ എസ്.ശ്രീലാൽ, സുഭാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ തുടങ്ങീയവർ പ്രസംഗിച്ചു.