തെന്മല പരപ്പാര്‍ അണക്കെട്ട് ഷട്ടറുകള്‍ തുറന്നു
1339976
Tuesday, October 3, 2023 11:09 PM IST
തെന്മല : തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. റൂള്‍കര്‍വ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും ഇന്നലെ തുറന്നത്.
റൂള്‍കര്‍വ് പ്രകാരം ഒക്ടോബര്‍ 1 മുതല്‍ പത്താം തീയതിവരെയുള്ള സമയങ്ങളില്‍ അണക്കെട്ടിലെ ജലനിരപ്പ് 110 മീറ്റര്‍ ആയിരിക്കണം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ ജലനിരപ്പ് 112.4 മീറ്ററായി ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
മൂന്ന് ഷട്ടറുകളും മുപ്പത് സെ.മി വീതം ഉയര്‍ത്താന്‍ ജില്ല ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യം 5 സെ.മിവീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഉയര്‍ത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്.
ഇന്നലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം തന്നെ ബന്ധപ്പെട്ട അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാവിലെ എക്സിക്യുട്ടീവ് എൻജിനീയര്‍ കെ.കെ .ടെസി മോന്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മണിരാജ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ഷട്ടറുകള്‍ തുറന്നത്.
ആശങ്കപെടേണ്ട യാതിരുവിധ സാഹചര്യവുമില്ലന്ന് കെ.കെ ടെസിമോന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഷട്ടറുകള്‍ തുറന്നതിനാല്‍ കല്ലടയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്