പിറന്നാൾ ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
1339975
Tuesday, October 3, 2023 11:09 PM IST
കൊല്ലം: സേവനത്തിന്റെയും ആത്മീയതയുടെയും പ്രതീകമായ അമൃതാനന്ദമയിക്ക് ആദരപൂര്‍വം പ്രണാമം അർപ്പിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിന സന്ദേശം. എഴുപതാം ജന്മദിനത്തില് ആയുരാരോഗ്യ സൗഖ്യത്തിനായി മോദി ശുഭാശംസകള്‍ നേർന്നു. അമ്മ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതിരൂപമാണ്. ലോകം മുഴുവന്‍ അവരുെടെ കാരുണ്യവും സേവനവും വ്യാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി മോദി പറഞ്ഞു.
ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ തുടർച്ചയ്ക്ക് അമൃതാനന്ദമയി വഹിക്കുന്ന പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 30 വര്‍ഷത്തിലേറെയായി നേരിട്ടുള്ള ബന്ധമുണ്ടെന്ന് പ്രധാനമന്ത്രി ഈ അവസരത്തില്‍ ഓർമിച്ചു. ഗുജറാത്തില്‍ ഭൂകമ്പം ഉണ്ടായ സമയത്തെ രക്ഷാ പ്രവർത്തനത്തിലും ദുരിതാശ്വാസത്തിലും അമ്മയോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
ഹരിയാനയിലെ ഫരീദാബാദില്‍ അമൃത ആശുപത്രി ഉദ്ഘാടന വേദിയിൽ ഒപ്പം ചേർന്ന് നിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു. അമ്മയുമായുള്ള ഓർമകൾ പങ്കുവച്ച മോദി അറുപതാം ജന്മദിനത്തിൽ എത്താന്‍ കഴിയാതിരുന്നതിന്റെ നിരാശ മറച്ചു വച്ചില്ല.
10 വര്‍ഷത്തിനിടയില്‍ അമ്മയുടെ പ്രവര്‍ത്തനങ്ങളും ലോകമെമ്പാടുമുള്ള അമ്മയുടെ സ്വാധീനവും പല മടങ്ങ് വര്‍ധിച്ചതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.