വൈരുധ്യങ്ങളെ തുറന്ന മനസ്ോടെ സ്വീകരിക്കുമ്പോഴാണ് സൗഹൃദം ജനിക്കുന്നത്: മാതാ അമൃതാനന്ദമയി
1339974
Tuesday, October 3, 2023 11:08 PM IST
കൊല്ലം: വൈരുധ്യങ്ങളെയും വൈവിധ്യങ്ങളെയും നമ്മൾ തുറന്ന മനസ്ോടെ സ്വീകരിക്കുമ്പോഴാണ് സൗഹൃദവും സഹവർത്തിത്വവും ജനിക്കുന്നതെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു. രാജ്യങ്ങളും വ്യക്തികളും സ്വന്തം ധർമം അനുഷ്ഠിക്കുകയും മറ്റുള്ളവരെ അതിന് അനുവദിക്കുകയും ചെയ്താല്‍ തന്നെ 90 ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നും അമൃതപുരിയിൽ തന്റെ 70-ാം ജൻമദിനാഘോഷ ചടങ്ങിൽ ജന്മദിന സന്ദേശത്തില്‍ അമൃതാനന്ദമയി പറഞ്ഞു.
നല്ല കർമം ചെയ്യുമ്പോഴാണ് ജനനത്തിനും മരണത്തിനും മധ്യത്തിലുള്ള ജീവിതമെന്ന ഇടവേളയ്ക്ക് പ്രസക്തിയും പ്രാധാന്യവും കൈവരുന്നത്. പ്രകൃതി അല്ലെങ്കിൽ ഈശ്വരശക്തി നമ്മെ പല നല്ല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങിയതാണ്. അവയൊക്കെ നല്ല വിധത്തിൽ പഠിച്ചിരുന്നെങ്കിൽ നാം ഇന്ന് നേരിടുന്ന പല സങ്കീർണ പ്രശ്നങ്ങളും ഒഴിവാക്കാമായിരുന്നു.
നമ്മുടെ പ്രവർത്തിയും ചിന്തയും തമ്മിൽ ഒരു വിടവ് വേണം. ഒരു നിമിഷത്തെ തെറ്റായ വാക്കോ പ്രവർത്തിയോ മതി നമുക്കും ലോകത്തിനും നാശം ഉണ്ടാക്കാന്‍. അതുകൊണ്ട് എന്തു പറയുമ്പോഴും ചെയ്യുമ്പോഴും നമ്മൾ ബോധവാന്മാരായിരിക്കണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
അമൃതകീർത്തി പുരസ്കാരങ്ങൾ
വിതരണം ചെയ്തു
കൊല്ലം: മാതാ അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്കാരങ്ങൾ വിതരണം ചെയ്തു. കന്നട സാഹിത്യകാരനും പദ്മഭൂഷൺ, പത്മശ്രി ജേതാവുമായ ഡോ. എസ്.എൽ. ഭൈരപ്പയ്ക്ക് 2020 ലെ അമൃതകീർത്തി ദേശീയ പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സമ്മാനിച്ചു.
2021 ലെ അമൃത കീർത്തി പുരസ്കാരം വേദങ്ങളെ ജനകീയമാക്കിയ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നല്കി. 2022 ലെ പുരസ്കാരം വേദപണ്ഡിതനായ പ്രഫ.ശ്രീവരാഹം ചന്ദ്രശേഖരൻ നായർക്ക് കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബേ സമ്മിനിച്ചു.
എഴുത്തുകാരനും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണന് 2023 ലെ പുരസ്കാരം കേന്ദ്രമന്ത്രി മഹേന്ദനാഥ പാണ്ഡെ നല്കി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത സരസ്വതീ ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
വൈദിക, ദാർശനിക, സാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
കന്നടയിലെ പ്രശസ്ത സാഹിത്യകാരനായ ഡോ. എസ്.എൽ.ഭൈരപ്പ സാഹിത്യലോകത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
സാഹിത്യകാരനും തത്ത്വചിന്തകനുമായ ഡോ. കെ.എസ്.രാധാകൃഷ്ണൻ മഹാരാജാസ് കോളജിലെ മുൻ ഫിലോസഫി അധ്യാപകനും പി.എസ്.സി. മുൻ ചെയർമാനുമാണ്. തൃപ്പൂണിത്തുറ ഗവ. സംസ്കൃത കോളജ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായിരുന്ന ശ്രീവരാഹം ചന്ദ്രശേഖരൻ നായർ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. വേദങ്ങളെ ജനകീയമാക്കിയ വേദപണ്ഡിതനായ ആചാര്യ രാജേഷ് വൈദികവിഷയത്തിൽ 105 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 2001 മുതൽ ആധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് അമൃതകീർത്തി പുരസ്കാരം നൽകിവരുന്നു.