വാക്ക് തർക്കത്തെ തുടർന്നുള്ള ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു
1338288
Monday, September 25, 2023 10:59 PM IST
ചവറ : വാക്ക് തർക്കത്തെ തുടർന്ന് നാലങ്ക സംഘം ബൈക്ക് യാത്രക്കാരായ രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ചു. കഴുത്തിനു വെട്ടേറ്റ ഒരാളുടെ നില അതീവ ഗുരുതരം. പന്മന മേക്കാട് സെന്റ് ആന്റണീസ് ഡെയിൽ അഗസ്റ്റിന് (47), ഇയാളുടെ മാതൃ സഹോദരി പുത്രൻ ചവറ ചെറുശേരി ഭാഗം സ്വദേശി ജോയൽ എന്നിവർക്കാണ് വെട്ടേറ്റത്.
തിങ്കളാഴ്ച പുലർച്ചയോടെയാണ് സംഭവം. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയലിനെ വീട്ടിലേക്ക് ബൈക്കില്‍ കൊണ്ടു പോകുന്നതിനിടയില്‍ അഗസ്റ്റിന്റെ വീടിനു മുന്നില്‍ വെച്ച് നാലംഗ സംഘം മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇതിൽ അഗസ്ത്യന്റെ നില ഗുരുതരമാണ്. ജോയലുമായി ഉണ്ടായ തർക്കമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ ചവറ സിഎെ ഉൾപ്പെടെ ഉദ്യോഗസ്ഥരും ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരുംസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്ഥലത്ത് നിന്നും നിരവധി പേര് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.