അനധികൃത ഫാക്ടറിയുടെ മറവില്‍ ജലസ്രോതസുകളില്‍ മാലിന്യം ഒഴുക്കുന്നു
1337871
Saturday, September 23, 2023 11:47 PM IST
അഞ്ചല്‍ : ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ ഭാരതീപുരം വാര്‍ഡില്‍ നീരാട്ട്തടം എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന മൃഗകൊഴുപ്പ് വേര്‍തിരിക്കുന്ന ഫാക്ടറിയില്‍ നിന്നുള്ള മാലിന്യം ഒഴുക്കുന്നത് ആയിരക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ജലസമൃദ്ധമായ തോട്ടിലേക്ക്. അറവ് മാലിന്യങ്ങള്‍ ശേഖരിച്ചു ഇവയില്‍ നിന്നും കൊഴുപ്പ് വേര്‍തിരിക്കുന്ന കമ്പനിയില്‍ നിന്നുള്ള മാലിന്യമാണ് തോട്ടിലേക്ക് ഒഴുക്കുന്നത്. മാലിന്യം കെട്ടി കിടക്കുകയും തോട്ടിലെ മീനുകള്‍ ചാത്തുപൊങ്ങുകയും ചെയ്തതോടെ നാട്ടുകാര്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തിയത്.
ഏരൂര്‍ അഞ്ചല്‍, അലയമണ്‍, ഇട്ടിവ അടക്കം കിഴക്കന്‍ മേഖലയിലെ വിവിധ പഞ്ചായത്തുകളിലൂടെ ഒഴുകി ഇത്തിക്കരയാറ്റില്‍ എത്തിച്ചേരുന്ന തോടിന്റെ അവസ്ഥയാണിത്. മാലിന്യം ഒഴുകിയെത്തുന്ന ഇടങ്ങളിലെല്ലാം അസഹിനീയമായ ദുര്‍ഗന്ധം. നാട്ടുകാര്‍ക്കെല്ലാം ശരീരികമായ അസ്വസ്ഥത. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നിരവധി തവണ നാട്ടുകാര്‍ പൊതുപ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ നടപടി ഒന്നുമുണ്ടായില്ല എന്ന് മാത്രമല്ല വിവരം ധരിപ്പിച്ചവര്‍ എല്ലാം ശത്രുക്കളായി കാണുന്ന നിലപാടായിരുന്നു ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തോട്ടില്‍ നീരൊഴുക്ക് കൂടിയപ്പോഴാണ് രാത്രിയുടെ മറവില്‍ വലിയരീതിയിലുള്ള മാലിന്യം തോട്ടിലേക്ക് ഒഴുകിയെത്തിയത്.
ഏരൂരിനു പുറമേ അലയമണ്‍ പഞ്ചായത്തിലെ കടവറം പുഞ്ചക്കോണം അടക്കമുള്ള പ്രദേശങ്ങളിലും വലിയ രീതിയിലുള്ള ദുര്‍ഗന്ധം വമിച്ചു. ആദ്യം കരുതിയത് കക്കൂസ് മാലിന്യം തോട്ടില്‍ ഒഴുക്കി എന്നായിരുന്നു. ഇതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് രണ്ടരകിലോമീറ്റര്‍ ഉള്ളിലായി ടണ്‍ കണക്കിന് അറവു മാലിന്യങ്ങള്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടി കൂട്ടിയിട്ടിരിക്കുന്നത് കാണുന്നത്. ഇവിടെ നിന്നും അഴികി തോട്ടിലേക്ക് ഒഴുകയാണ് മാലിന്യം.
അഞ്ചു വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയാറാകാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേസമയം അനധികൃതരമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസില്‍ ഉള്‍പ്പടെ പരാതി നല്‍കിയിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജി .അജിത്ത്, വൈസ് പ്രസിഡന്റ് വി .രാജി, സ്ഥിരം സമിതി അധ്യക്ഷന്‍ ഷൈന്‍ ബാബു എന്നിവര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി സ്ഥിതിഗതികള്‍ നേരില്‍കണ്ട് മനസിലാക്കുകയായിരുന്നു.