കല്ലുവാതുക്കലിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്് തെരഞ്ഞെടുപ്പ് 26-ന്
1337854
Saturday, September 23, 2023 11:44 PM IST
ചാത്തന്നൂർ : യുഡിഎഫ് അവിശ്വാസപ്രമേയത്തിലൂടെ ബി ജെ പിയുടെ പഞ്ചായത്ത്പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കിയകല്ലുവാതുക്കലിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 26-ന് നടത്തും. രാവിലെ 11 -ന് പ്രസിഡന്റ് തെരഞ്ഞെടുപ്പും രണ്ടിന് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും.
കൊല്ലം ജില്ലയിൽ ബി ജെ പി ഭരണം നടത്തിയിരുന്ന ഏക പഞ്ചായത്തായിരുന്നു കല്ലുവാതുക്കൽ. യു ഡി എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയങ്ങളെ ഇടതുമുന്നണി പിന്താങ്ങിയാണ് ബി ജെ പിക്കാരായ പ്രസിഡന്റി നെയും വൈസ് പ്രസിഡന്റിനെയും കഴിഞ്ഞ മാസം പുറത്താക്കിയത്.
ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ കല്ലുവാതുക്കലിൽ 23 അംഗങ്ങളാണുള്ളത്. ബി ജെ പി യ്ക്ക് ഒമ്പതും യുഡിഎഫിന് എട്ടും ഇടതുപക്ഷത്ത് ആറും അംഗങ്ങളാണ്. കഴിഞ്ഞ തവണ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ നിന്ന് ഇടതുപക്ഷം വിട്ടുനിന്നിരുന്നു.
ഇതാണ് ഏറ്റവും വലിയ പാർട്ടിയായ ബി ജെ പിക്ക് ഭരണം നേടാൻ അവസരമൊരുക്കിയത്. എന്നാൽ യു ഡി എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ ഇടതുമുന്നണി പിന്തുണച്ചാണ് ബി ജെ പി യെ ഭരണത്തിൽ നിന്നും പുറത്താക്കിയത്.
ചൊവ്വാഴ്ച നടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ ഇടതുമുന്നണി പിന്തുണയ്ക്കുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഇതുവരെ ഒരു തീരുമാനവും ഇടതുമുന്നണി സ്വീകരിച്ചിട്ടില്ലെന്ന് ഒരു സി പി എം നേതാവ് വ്യക്തമാക്കി. സി പി എമ്മിനും സി പി ഐ യ്ക്കും മൂന്നംഗങ്ങൾ വീതമാണുള്ളത്.