കെഎസ്ആർടിസി ഡിപ്പോയിലെ യാർഡ് ഉദ്ഘാടനം ഇന്ന്
1337853
Saturday, September 23, 2023 11:44 PM IST
ചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ചാത്തന്നൂർ ഡിപ്പോയിലെ യാർഡിന്റെ ഉദ്ഘാടനം ഇന്ന്. ജി.എസ്.ജയലാൽ എംഎൽഎയുടെ ജനപക്ഷം ചാത്തന്നൂർ എന്ന പദ്ധതിയുടെ ജനസൗഹൃദ സർക്കാർ ഓഫീസുകൾ എന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്.
ഓഫീസ് നവീകരണം, ബസ് പാർക്കിംഗ് ഗ്രൗണ്ട് നവീകരണം എന്നിവയ്ക്കായി എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചിട്ടുണ്ട് എന്നാണറിയിപ്പ്.
വർഷങ്ങളായി കുന്നും കുഴിയുമായി കിടന്ന യാർഡ് ബസുകളുടെയും യാത്രക്കാരുടെയും നടുവൊടിക്കുന്ന രീതിയിലായിരുന്നു. ഇത് ഏറെ ആക്ഷേപങ്ങളും ഉയർത്തിയിരുന്നു. ഇപ്പോൾ ഗ്രൗണ്ട് മെറ്റൽചെയ്ത് നിരപ്പാക്കി കൊരുപ്പു കട്ടകൊണ്ട് ബലപ്പെടുത്തിയിട്ടുണ്ട്. ഈ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ട് ഒന്നേകാൽ മാസം കഴിഞ്ഞു. ഉദ്ഘാടനം നടത്താത്തതിനാൽ ഇവിടെ ബസ് കയറാൻ അനുവദിക്കാതെ പൂട്ടിയിട്ടേക്കുകയാണ്. ഇത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ന് വൈകുന്നേരം അഞ്ചിന് ചേരുന്ന ചടങ്ങിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷനായിരിക്കും. എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാണ്.
കെ എസ് ആർ ടി സി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന പി.എസ്. പ്രമോദ് ശങ്കർ ,ജില്ലാ പഞ്ചായത്തംഗം ശ്രീജ ഹരീഷ്, ഇത്തിക്കരബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാർ, ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ടി .ദിജു തുടങ്ങിയവർ പ്രസംഗിക്കും.