ഉമ്മൻചാണ്ടിയെകുറിച്ച് ഖണ്ഡകാവ്യം എഴുതി പുരോഹിതൻ ശ്രദ്ധേയനാകുന്നു
1337347
Friday, September 22, 2023 12:58 AM IST
പുനലൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുറിച്ച് ഖണ്ഡകാവ്യം എഴുതി പുരോഹിതൻ ശ്രദ്ധേയനാകുന്നു.ദീപിക മുൻ ചീഫ് എക്സിക്കുട്ടീവും സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലുമായ ഫാ. ഡോ. ജോൺ സി.സിയാ ണ് ഖണ്ഡകാവ്യ രചനക്ക് പിന്നിൽ.
ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം 20 ദിവസം കൊണ്ടാണ് രചന പൂർത്തീകരിച്ചത്. ഉമ്മൻചാണ്ടിയുടെ ജീവിത ചരിത്രമാണ് രചനയുടെ പ്രമേയം.ഉമ്മൻചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി പള്ളിയിലെ കബറിടത്തിലേക്ക് പ്രവഹിക്കുന്ന ജനപ്രവാഹത്തെ മനസിൽ ഇരുത്തി സ്വർഗീയതയിലേക്ക് ഉയരുന്ന ഉമ്മൻചാണ്ടിയുടെ അനശ്വരതയാണ് കാവ്യ രചനയുടെ അടിസ്ഥാന ആശയം.
ജനപ്രിയ നേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ ലളിതമായ വേഷധാരണത്തെയും വിനയാന്വിതമായ പെരുമാറ്റത്തെയും അടിയുറച്ച ദൈവഭക്തിയെയും പറ്റി പ്രത്യേക ഖണ്ഡങ്ങളിലായി കവി വിവരിക്കുന്നുണ്ട്. പുതുപ്പള്ളിയിലെ കല്ലറയിലേത് ഇപ്പോഴും ആളുകൾ കൂട്ടംകൂട്ടമായി എത്തിക്കൊണ്ടിരിക്കുന്നു. അവർ അവിടെ മെഴുകുതിരികൾ കത്തിച്ചുവെച്ച് പ്രാർഥിക്കുന്നു.
ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയോടു പറഞ്ഞാൽ കാര്യങ്ങൾ സാധിക്കാമെന്നതുപോലെ തന്നെ സ്വർഗസ്ഥനായ ഉമ്മൻചാണ്ടിയോടു പറഞ്ഞാലും കാര്യം നടക്കുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു എന്ന് കവിതയിൽ പറയുന്നുണ്ട്കെപിസിസിയുടെ ഔദ്യോഗിക പുസ്തക പ്രസാധന ഡിവിഷനായ പ്രിയദർശിനി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
ജനനം മുതൽ മരണം വരെയുള്ള എല്ലാ ജീവിത മുഹൂർത്തങ്ങളും രേഖപെടുത്തിയിട്ടുള്ള കവിതയിൽ തീർഥാടകനായി മാറിയ ഉമ്മൻ ചാണ്ടി ജനസമൂഹത്തിന്റെ ഇടയിൽ ചെലുത്തിയ സ്വാധീനത ഉയർന്ന് നിൽക്കുന്നു.
തീർഥസ്വേദി എന്ന് പേരിട്ടിരിക്കുന്ന കവിത ഉമ്മൻ ചാണ്ടിയെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ ഖണ്ഡകാവ്യ രചന യാണെന്ന പ്രത്യേകത ഉണ്ടെന്ന് പ്രസാധകരായ പ്രിയദർശിനി പബ്ലിക്കേഷൻസ് എഡിറ്ററും വൈസ് ചെയർമാനുമായ അഡ്വ. പഴകുളം മധുവും സെക്രട്ടറി ബിന്നി സാഹിതിയും പറഞ്ഞു.
നാളെ വൈകുന്നേരം 4.30ന് പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ കർദിനാൾ ബസേലിയസ് മാർ ക്ലീമിസ് ബാവ ഉമ്മൻചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ ചാണ്ടിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്യും.
ബിഷപ് പോളി കാർപ്പസ്, ഡോ. ജോർജ് ഓണക്കൂർ, മുൻ ഡിജിപി ഡോ. ജേക്കബ് പുന്നൂസ്, എഴുത്തുകാരൻ ഫാ. ഡോ, ജോൺ സി.സി, പ്രിയദർശിനി പബ്ലിക്കേഷൻസ് ഭരണ സമിതി അംഗം ഡോ. വിളക്കുടി രാജേന്ദ്രൻ, വൈസ് ചെയർമാൻ പഴകുളം മധു, സെക്രട്ടറി ബിന്നി സാഹിതി എന്നിവർ പങ്കെടുക്കും.