ജല മെട്രോ: വിദഗ്ധസംഘം സന്ദർശനം നടത്തി, സാധ്യതാപഠന റിപ്പോർട്ട് ഒരുമാസത്തിനകം
1337067
Wednesday, September 20, 2023 11:57 PM IST
കൊല്ലം: അഷ്ടമുടി കായലിൽ ജല മെട്രോ ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായി വിദഗ്ധരടങ്ങുന്ന സംഘം മേയർക്കും ജനപ്രതിനിധികൾക്കുമൊപ്പം സന്ദർശനം നടത്തി.
അഷ്ടമുടി കായലിലെ വിവിധ കടവുകളായ കാവനാട്, സാമ്പ്രാണിക്കോടി, കോയിവിള, അഷ്ടമുടി, പെരിങ്ങാലം, അരിനല്ലൂർ എന്നിവിടങ്ങളിൽ കായൽ മാർഗവും പ്രാക്കുളം, പെരുമൺ, ചിറ്റുമല എന്നീ സ്ഥലങ്ങൾ റോഡുമാർഗവുമായിരുന്നു സന്ദർശനം.
മേയർ പ്രസന്നാ ഏണസ്റ്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗീതാകുമാരി, എസ്.ജയൻ, ജി. ഉദയകുമാർ, യു. പവിത്ര, ഹണി ബഞ്ചമിൻ, നാറ്റ്പാക് ഡയറക്ടർ സാംസങ്ങ് മാത്യു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ.പി.ജോൺ, സയന്റിസ്റ്റുമാരായ അരുൺ ചന്ദ്രൻ, അനീഷ് കിണി, ഡോ. അനില സിറിൽ, ഡോ. റമീശ, ആർദ്ര എസ്.കൃഷ്ണൻ, കോർപറേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബിജു.ഡി, അസി.എൻജിനീയർ രാജൻ തുടങ്ങിയവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.
ഒരാഴ്ച വിവരശേഖരണം നടത്തേണ്ടതുണ്ടെന്ന് അധികൃതർ പറഞ്ഞു. ആഴം അളന്ന് തിട്ടപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ ചെയ്യാനുണ്ടെന്നും നാറ്റ്പാക്, വാട്ടർ മെട്രോ ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രാഥമിക സാധ്യതാപഠനം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. എംഎൽഎമാർ, പഞ്ചായത്ത് അധ്യക്ഷന്മാർ എന്നിവരുമായി സാധ്യത പഠന റിപ്പോർട്ട് ചർച്ച ചെയ്യും. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവരുമായും കൂടിയാലോചന നടത്തും.
തുടർന്ന് കൗൺസിൽ അംഗീകാരത്തോടെ സർക്കാർ അനുമതിയ്ക്കായി നൽകുമെന്ന് മേയർ പ്രസന്നാ ഏണസ്റ്റ് അറിയിച്ചു.