മത്സ്യബന്ധന വള്ളം ഇരുമ്പ് പാളയത്തില്‍ തട്ടി തകര്‍ന്നു
1337063
Wednesday, September 20, 2023 11:57 PM IST
ചവറ : ദേശീയപാതയുടെ കരാര്‍ ജോലി നോക്കുന്നവര്‍ കായലിലൂടെ സഞ്ചരിക്കുന്ന ഇരുമ്പ് പാളയത്തില്‍ മത്സ്യബന്ധനവള്ളം തട്ടി ഭാഗീകമായി തകര്‍ന്നതായി പരാതി.
നീണ്ടകര പുത്തന്‍തുറ തെക്കെ വീട്ടില്‍ വിനോദിന്റെ ഉടമസ്ഥതയിലുള്ള രാമചന്ദ്രന് എന്ന വള്ളമാണ് തകര്‍ന്നു എന്ന് കാണിച്ച് ചവറ പോലിസില്‍ പരാതി നല്‍കിയത്.
മത്സ്യബന്ധനം കഴിഞ്ഞ് ബോട്ട് പുത്തന്‍തുറയിലാണ് ഇടുന്നത്.
പതിവ് പോലെ മത്സ്യബന്ധനത്തിന് തൊഴിലാളികളുമായി ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ നീണ്ടകര പാലത്തിന്റെ അടി വശത്ത് കൂടി പോകുന്നതിനിടയില്‍ ദേശീയപാതയുടെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നീണ്ടകര പുതിയ പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് സഞ്ചരിക്കാനുള്ള ഇരുമ്പ് പാളയത്തില്‍ വള്ളം തട്ടുകയായിരുന്നു.
വള്ളം തകര്‍ന്നതിനാല്‍ ലക്ഷങ്ങളുടെ നഷ്ടം ഉള്ളതായി വള്ളത്തിന്റെ ഉടമ പറയുന്നു.അതിനാല്‍ അശ്രദ്ധമായി ഇരുമ്പ് പാളയം കെട്ടിയിട്ടവര്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍പ്പറയുന്നു.