ശാസ്താംകോട്ട തടാകസംരക്ഷണത്തിന് സ്വതന്ത്രപരിപാലന സമിതി
1336814
Tuesday, September 19, 2023 11:53 PM IST
ശാസ്താംകോട്ട :തടാക സംരക്ഷണത്തിന് സ്വതന്ത്രപരിപാലന സമിതി വരുന്നു. തടാകത്തിന്റെ പുനരുജ്ജീവനത്തിനായാണ് ജല അഥോറിറ്റിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുക. വിദഗ്ദ്ധരെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളെയും ഉള്‍പ്പെടുത്തും.
തടാകത്തിലേക്കുള്ള മണ്ണൊലിപ്പ്, മലിനീകരണം തുടങ്ങിയവ തടയാന്‍ പദ്ധതി ആവിഷ്കരിക്കും. കൊല്ലം കോര്‍പറേഷന്റെയും കായലിന്റെ വൃഷ്ടിപ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെയാകുമിത്.
ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ ശാസ്താംകോട്ട തടാകം, ചേലൂര്‍ കായല്‍, ഞാങ്കടവ് കുടിവെള്ള പദ്ധതി പ്രദേശം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
തടാകത്തിന്റെ സുസ്ഥിര നിലനില്‍പ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേരള വാട്ടര്‍ അഥോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ദിനേശന്ചാരുവാട്ട് അറിയിച്ചു.
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആര് ഗീത, വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്, ജലനിധി ടെക്നിക്കല്‍ ഡയറക്ടര്‍ ടി .കെ. മണി, സി ഡബ്ള്യൂ ആര് ഡി എം സയന്റിസ്റ്റ് എസ് ദീപു, കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ വി. പ്രദീപ്കുമാര്‍, ഡയറക്ടര്‍ എം .പ്രേംലാല്‍, സീനിയര്‍ എൻജിനീയർ പി.നാരായണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.