ആനകൊമ്പ് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്
1336808
Tuesday, September 19, 2023 11:53 PM IST
അഞ്ചല്‍ : അച്ചന്‍കോവില്‍ വനമേഖലയില്‍ നിന്നും കാട്ടാനയുടെ കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ആളുകളിലേക്ക് എന്ന് സൂചന. കേസില്‍ റിമാൻഡില്‍ കഴിയുന്ന അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ വനം വകുപ്പ് തീരുമാനിച്ചു. ഇതിനായി ഇന്നോ നാളെയോ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.
ഇക്കഴിഞ്ഞ 13 നാണ് വനം വകുപ്പ് കല്ലാര്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന അച്ചന്‍കോവില്‍ ആറിന്റെ തീരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ ഉപേക്ഷിക്കപ്പെട്ട കാട്ടാനക്കൊമ്പ് കണ്ടെത്തിയത്.
തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച വനം വകുപ്പ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ ഉള്‍പ്പടെ അഞ്ചുപേരെ പിടികൂടിയിരുന്നു.
അച്ചന്‍കോവില്‍ സ്വദേശികളായ ഗിരജന് കോളനിയില്‍ പ്രസാദ്, ഓലപ്പാറയില്‍ ചരുവിള പുത്തന്‍വീട്ടില്‍ ശ്രീജിത്ത്, പടിഞ്ഞാറെ പുറമ്പോക്കില്‍ ശരത്, അനീഷ് ഭവനില്‍ അനീഷ്, ബ്ലോക്ക് നമ്പര്‍ മൂന്നില്‍ കുഞ്ഞുമോന് എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ തെളിവെടുപ്പിനായി കൊണ്ടുപോകവേ പ്രതികളില്‍ ഒരാളായ ശരത്തിന്റെ വീട്ടില്‍ നിന്നും മറ്റൊരു ആനക്കൊമ്പും മറ്റൊരു പ്രതിയുടെ വീട്ടില്‍ നിന്നും ഈനാമ്പേച്ചി തോടും വനപാലകര്‍ കണ്ടെത്തിയിരുന്നു.
ഇതോടെയാണ് പ്രതികള്‍ കൂടുതല്‍ വന്യമൃഗ വേട്ടകളില്‍ ഉള്‍പ്പെട്ടിരിക്കാം എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടയത്. പ്രതികളില്‍ ചിലരുമായി നിരന്തരം ബന്ധപ്പെടാറുള്ള കിഴക്കന്‍ മേഖലയിലെ ചിലരെ കേന്ദ്രീകരിച്ചും വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വനത്തിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകവേ ചരിഞ്ഞ ആനയെ കാണുകയും ഇതില്‍ നിന്നുള്ള കൊമ്പുകളാണ് തങ്ങള്‍ എടുത്തതെന്നുമാണ് പിടിയിലായവര്‍ നല്‍കിയിരിക്കുന്ന മൊഴി.
അതിനാല്‍ തന്നെ ഈ ആനയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ഈ ഭാഗത്താണ് ആന ചരിഞ്ഞതെന്നും അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനടക്കം തുടര്അന്വേഷണങ്ങള്ക്കായി ഒരാഴ്ചത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ആകും വനം വകുപ്പ് കോടതിയില്‍ അപേക്ഷ നല്‍കുക. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്ന് വനം വകുപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു.