അച്ചന്‍കോവില്‍ ഗിരിജന്‍ കോളനി മൂന്നുമുക്ക് പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിച്ചില്ല
1336571
Monday, September 18, 2023 11:43 PM IST
ആര്യങ്കാവ് : ആര്യങ്കാവ് പഞ്ചായത്തിലെ അച്ചന്‍കോവില്‍ മൂന്നുമുക്ക് ഗിരിജന്‍ കോളനി പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും പരിഹരിക്കാന്‍ നടപടിയില്ല. കുടിവെള്ളം വിതരണം ചെയ്യുന്ന കൂറ്റന്‍ ടാങ്കിനോട് ചേര്‍ന്നുള്ള വീടുകളില്‍ പോലും വെള്ളം എത്തുന്നില്ല എന്നതാണ് വസ്തുത. 1980 ല്‍ ഉയര്‍ന്ന പ്രദേശമായ ഇവിടെ കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച വാട്ടര്‍ ടാങ്കില്‍ നിന്നുമായിരുന്നു വെള്ളം ലഭിച്ചിരുന്നു.
ആദ്യകാലങ്ങളില്‍ എട്ടുമണിക്കൂറിലധികം പമ്പിംഗ് നടത്തിയിരുന്നപ്പോള്‍ പ്രദേശങ്ങളില്‍ എല്ലാം വെള്ളം എത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി പമ്പിംഗ് സമയം കുറയ്ക്കുകയും വാല്‍വ് അടക്കം തകരാറില്‍ ആവുകയും ചെയ്തിരുന്നു. പിന്നീടാണ് നിരവധി കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കാതായത്. ആദ്യകാലത്ത് നാല്പതോളം കുടിവെള്ള ടാപ്പുകള്‍ ഉണ്ടായിരുന്ന സ്ഥലത്ത് ഇന്ന് നൂറിലധികം ടാപ്പുകളായി. ഇതനുസരിച്ച് പമ്പിംഗ് കപ്പാസിറ്റി ഉയര്‍ത്താന്‍ കഴിയത്തതാതും കുടിവെള്ളം ക്ഷാമം രൂക്ഷമാകുന്നതിന് കാരണമായിട്ടുണ്ട്. ടാങ്ക് ഉയര്‍ത്തുകയോ പുതിയ പദ്ധതി നടപ്പിലാക്കുകയോ വേണമെന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകര്‍ അടക്കമുള്ളവരും ആവശ്യപ്പെടുന്നു.
പാറയുള്ളതിനാല്‍ കിണര്‍ കുഴിക്കാന്‍ സാധിക്കുന്നില്ല. നിലവില്‍ മുക്കാല്‍ കിലോമീറ്റര്‍ ദൂരം എത്തി തലച്ചുമടായി കുടിവെള്ളം എത്തിക്കേണ്ട അവസ്ഥയാണുള്ളതന്ന് നാട്ടുകാര്‍ പറയുന്നു. എംഎല്‍എ, എംപി, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണം എന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതേസമയം ജല്‍ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പടുത്തി എല്ലാ കുടുംബങ്ങളിലും വെള്ളം എത്തിക്കാനുള്ള നടപടി ആരംഭിച്ചതായി വാര്‍ഡ് മെമ്പര്‍ പറഞ്ഞു