സഹകരണ മേഖലയിലെ നിക്ഷേപം നാടിന്റെ വളര്‍ച്ചയ്ക്ക്: മന്ത്രി കെ.എന്‍. ബാലഗോപാല്‍
1336355
Sunday, September 17, 2023 11:42 PM IST
കൊല്ലം സഹകരണമേഖലയില്‍ ലഭിക്കുന്ന നിക്ഷേപം നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്കും വളര്‍ച്ചയ്ക്കും പ്രയോജനകരമാകുന്നുവെന്ന് മന്ത്രി കെ .എന്‍ ബാലഗോപാല്‍. ഹൈസ്കൂളില്‍ ജംഗ്ഷനില്‍ പ്രവര്‍ത്തനം തുടങ്ങിയ ഉളയിക്കോവില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ തേവള്ളി ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലഭിക്കുന്ന പണം വായ്പയായി നല്കി നാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടുകയാണ് സഹകരണ ബാങ്കുകള്‍. ഇത്തരം സ്ഥാപനങ്ങളുടെ വിശ്വാസ്യത നിലനിറുത്തുകയാണ് പ്രധാനം. ഒറ്റപ്പെട്ട കുറ്റകൃത്യങ്ങള്‍ കണ്ടെത്തി കര്‍ശനമായ നിയമനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് സുരക്ഷനല്‍കുന്നതില്‍ വിട്ടുവീഴ്ചയില്ല.
കൂടുതല്‍ മേഖലകളിലേക്ക് സഹകരണ പ്രസ്ഥാനം വളരുകയാണ്. ആരോഗ്യരംഗത്തും വാണിജ്യരംഗത്തും സാന്നിധ്യം വര്‍ധിക്കുകയാണ്.
ഹോമിയോ മരുന്നുത്പാദനം പോലെയുള്ള സംരംഭങ്ങളും ഏറ്റെടുത്തുകഴിഞ്ഞു. ബാങ്കിംഗ് മേഖലയില്‍ പരമാവധി വളര്‍ച്ചയാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഉളിയക്കോവില്‍ സഹകരണ ബാങ്ക് പ്രസിഡന്റ് വി .രാജേന്ദ്രബാബു അധ്യക്ഷനായി. എന്‍ എസ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന് ആദ്യ നിക്ഷേപം സ്വീകരിച്ചു. കേരളബാങ്ക് ഡയറക്ടര്‍ ജി .ലാലു, കൊല്ലൂര്‍വിള ബാങ്ക് പ്രസിഡന്റ് അന്‍സര്‍ അസീസ്, ബാങ്ക് ഭരണസമിതിയംഗം സജിത്ത്, ജോയിന്റ ് രജിസ്ട്രാര്‍ അബ്ദുല്‍ ഹലീം തുടങ്ങിയവര്‍ പങ്കെടുത്തു.