കിഴക്കേകല്ലടയിലെ മൂഴിയിൽ കലുങ്കു വഴി കയറുന്ന ഉപ്പുവെള്ളം നെൽകൃഷിക്ക് നാശം വിതയ്ക്കുന്നു
1336353
Sunday, September 17, 2023 11:42 PM IST
കുണ്ടറകിഴക്കേ കല്ലടയിലെ കൊ ടുവിള വാർഡിൽ കല്ലട ആറിനോട് ചേർന്ന് പണികഴിപ്പിച്ചിരുന്ന മൂഴിയിൽ കലുങ്ക് ഭാഗികമായി തകർന്നതോടെ പാടശേഖരത്തിലേക്ക് മൂഴിയിൽ കലുങ്ക് വഴി ഉപ്പുവെള്ളം കയറി നെൽകൃഷിക്ക് നാശം വിതയ്ക്കുന്നതായി കൃഷിക്കാർ.
കലുങ്കിന്റെ അറകൾ അടയ്ക്കാത്തതുകാരണം അതുവഴിയാണ് അഷ്ടമുടി കായലിൽ നിന്ന് കല്ലടയാറ്റിലേക്ക് എത്തുന്ന ഉപ്പുവെള്ളം പാടശേഖരങ്ങളിലേക്ക് കയറുന്നത്.
ജില്ലയിലെ നെല്ലറയായിരുന്ന കിഴക്കേ കല്ലട പാടശേഖരങ്ങളെ ജലസേചന സൗകര്യങ്ങൾ ഒരുക്കി ദശാബ്ദങ്ങളായി സംരക്ഷിച്ചു പോന്ന മൂഴിയിൽ കലുങ്കിനുള്ളിൽ മരങ്ങൾ വളർന്നും വേരുകൾ കയറി പടർന്നും കെട്ടുകൾ തകർന്നും നാമാവശേഷമായിരിക്കുന്നു.
കിഴക്കേ കല്ലട പഞ്ചായത്തിലെ കൊ ടുവിള വാർഡിൽ കല്ലടയാറിനോട് ചേർന്നാണ് കലുങ്ക് നിർമിച്ചിരിക്കുന്നത്. കിഴക്കേ കല്ലട പേരയം പവിത്രേശ്വരം പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ചിരപുരാതനമായ ചിറ്റുമലച്ചിറ പ്രദേശവാസികളുടെ മുഖ്യ ജലസ്രോതസാണ്.
വർഷകാലം ആകുമ്പോൾ ചിറയിൽ നിറയുന്ന അധിക ജലം കൃഷിക്ക് നാശം വരാത്ത തരത്തിൽ വിശാലമായ നെൽവയലിന്റെ നടുവിലൂടെ തോടുകൾ വഴി കല്ലടയാറ്റിലേക്ക് ഒഴുക്കി വിട്ടിരുന്നത് മൂഴിയിൽ കലുങ്ക് വഴിയാണ്.
കിഴക്കേ കല്ലടയിലെ പാടശേഖരങ്ങളുടെ സുവർണ കാലഘട്ടങ്ങളിൽ കാർഷിക മേഖലകളുടെ മുഖ്യ ഘടകമായിരുന്നു കല്ലടയാറിനോട് ചേർന്ന് നിർമിച്ചിരിക്കുന്ന മൂഴിയിൽ കലുങ്ക്. വേനൽക്കാലം ആകുമ്പോൾ വേലിയേറ്റ സമയത്ത് അഷ്ടമുടി കായലിലെ ഉപ്പുവെള്ളം കല്ലട ആറു വഴി വയലിലേക്ക് കയറി കൃഷിനാശമുണ്ടാകാതിരിക്കാനും കലുങ്കിന്റെ പലകകളോ ഷട്ടറുകളോ ഇട്ട് കൃഷി സംരക്ഷണം ഉറപ്പുവരുത്താനും മൂഴിയിൽ കലുങ്കിനെ യാണ് ആശ്രയിച്ചിരുന്നത്.
കലുങ്ക് സംരക്ഷണത്തിനും കാലാകാലങ്ങളിൽ കൃഷിക്കാവശ്യമുള്ള ജലവിതരണത്തിന് കലുങ്കിന്റെഅറകൾ തുറന്നു കൊടുക്കുന്നതിനും ജലസേചന സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിനും ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നതാണ്. കലുങ്ക് വാച്ചർ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നപ്പോൾകലുങ്കിന് യാതൊരു നാശവും ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ഉദ്യോഗസ്ഥൻ ഇപ്പോഴും ഉണ്ടോ എന്ന് നാട്ടുകാർക്ക് അറിയില്ല.ഉദ്യോഗസ്ഥന്റെ അഭാവമാണ് കലുങ്ക് നാഥനില്ലാ കളരിയാകാനും നശിക്കാനും കാരണമായത്.മൂഴിയിൽ കലുങ്ക് പുനർ നിർമിച്ച് ഉപ്പുവെള്ളം കയറാതെ പാടശേഖരങ്ങളെ സംരക്ഷിക്കണമെന്നും തകർന്നു കിടക്കുന്ന കലുങ്കിന് ആവശ്യമായ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.