വർണാഭമായി സ്കൂൾ പ്രവേശനോത്സവം
1299309
Thursday, June 1, 2023 11:10 PM IST
ചവറ: ഓര്‍മകള്‍ ഓടിയെത്തുന്ന തിരുമുറ്റത്ത് ജില്ലാ സ്കൂള്‍ പ്രവേശനോത്സവത്തിന് തുടക്കമായി
മധ്യവേനല്‍ അവധിയുടെ ആര്‍ത്തുല്ലാസങ്ങള്‍ മാറ്റിവെച്ച് കുരുന്നുകള്‍ നിറച്ചിരിയും പുത്തന്‍ ഉടുപ്പുമായി വിദ്യാലയങ്ങളില്‍ കലപില കൂട്ടുവാന്‍ ഓടിയെത്തി. സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചവറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സുജിത്ത് വിജയന്‍പിള്ള എംഎല്‍എ നിര്‍വഹിച്ചു.
ജനങ്ങള്‍ പൊതുവിദ്യാലയങ്ങളെ അംഗീകരിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്തെന്നും ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല അധ്യാപകരുടെ മികച്ച പ്രവര്‍ത്തനം കൂടി ചേരുമ്പോഴാണ് മികവിന്റെ വിദ്യാലയങ്ങള്‍ രൂപം കൊള്ളുന്നതെന്നും മികച്ച പൗരന്മാരായി കുട്ടികളെ മാറ്റിയെടുക്കുകയും നാടിന് പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ നിന്നുണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു.
അധ്യാപകനായ കുരീപ്പുഴ ഫ്രാന്‍സിസ് എഴുതി ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തിന് പ്ലസ് ടു വിദ്യാര്‍ഥിനി അപൂര്‍വ സുരേഷ് ചുവടുവെച്ചാണ് ചടങ്ങിന് തുടക്കമായത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന് അധ്യക്ഷനായി.
ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ പ്രവേശനോത്സവ സന്ദേശം നല്കി. പുസ്തകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല വിദ്യാഭ്യാസമെന്നും വ്യക്തിത്വ വികസനത്തിന് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. പി. സുധീഷ് കുമാര്‍, എസ് സോമന്, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ജോസ് വിമല്‍ രാജ്, ഗ്രാമ പഞ്ചായത്ത് അംഗം ലിന്‍സി ലിയോള്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ. ഷാജി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ഷാജിമോന്‍, ഡിപിസി എസ്എസ്എ സജീവ് തോമസ്, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഒ എസ് ചിത്ര, ചവറ എഇ ഒ പി സജി, പിടിഎ പ്രസിഡന്റ് ടി. ജയജിത്, എസ്എംസി ചെയര്മാന് ശ്രീവല്ലഭന്, പ്രിന്‍സിപ്പൽ പി. അര്‍ച്ചന, പ്രധാനാധ്യാപിക ടി. കെ. അനിത കുമാരി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ- ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടന്നു. കൊല്ലം രൂപത അഡീഷണൽ വികാർ ജനറൽ മോൺ. റവ.ഡോ.ജോസഫ് സുഗുൺ ലിയോൺ മുഖ്യാതിഥിയായിരുന്നു. പഠനം അടിച്ചേല്പിക്കലല്ല; അത് കുട്ടികളിൽ സന്തോഷപ്രദവും ജിജ്ഞാസയുളവാക്കാൻ കഴിയുന്നതുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ റവ.ഡോ. സിൽവി ആന്റണി അധ്യക്ഷത വഹിച്ചു. മൂല്യാധിഷ്ഠിത ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുകവഴി വ്യക്തവും സുതാര്യവും സത്യസന്ധതയുമുള്ള വിദ്യാഭ്യാസ ജീവിതം നൽകാൻ കഴിയുമെന്നും തങ്ങളിലും മറ്റുള്ളവരിലും ലോകത്തിലും നന്മ കാണാൻ അവരെ പഠിപ്പിക്കുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
മോൺ. റവ.ഡോ.ജോസഫ് സുഗുൺ ലിയോൺ പ്രവേശനോത്സവം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ജൂനിയർ പ്രിൻസിപ്പൽ ഡോണാ ജോയി പ്രസംഗിച്ചു.
കുണ്ടറ: മധ്യ വേനൽ അവധി കഴിഞ്ഞ് സഹപാഠികൾ വിദ്യാലയങ്ങളിൽ ഒത്തുചേർന്നതോടെ സ്കൂൾ മുറ്റവും കുട്ടികളുടെ ഇളം മനസ്സും ആഹ്ലാദഭരിതമായി. മനസ് തുറന്ന് ചിരിച്ചും തോളിൽ കൈയിട്ടു തുള്ളിച്ചാടിയുംഅവർ സന്തോഷം പങ്കിട്ടു. നവാഗതരുടെ വിങ്ങിപ്പൊട്ടുന്ന മൗനം മധുരത്തിൽ കുതിർന്നതോടെ പുഞ്ചിരിയായി.
പ്രദേശത്തെ പ്രൈമറി വിദ്യാലയങ്ങൾ തുടങ്ങി ഹയർസെക്കൻഡറി വരെയുള്ള വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ നേരത്തെ തന്നെ പൂർത്തിയായിരുന്നു. ബഹുവർണ കൊടിതോരണങ്ങളും ബലൂണുകളും കാർട്ടൂൺ ചിത്രങ്ങളും ഉത്സവ പ്രതീതി ഉണർത്തി. കുട്ടികളുടെ നൃത്തവും പാട്ടും ആരംഭിച്ചതോടെ ഉത്സവത്തിന് നൂറ് മേനി ആഹ്ലാദമേറി.
കുണ്ടറ കാഞ്ഞിരകോട് സെന്റ് മാർഗരേറ്റ് ഗേൾസ് ഹൈസ്കൂളിലായിരുന്നു പേരയം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചത്. പ്രവേശനോത്സവം പിസി വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എ. കൊളോസ്റ്റിക്ക അധ്യക്ഷത വഹിച്ചു. പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര അവാർഡ് ദാനം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ആന്റണി രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റേച്ചൽ മത്തായി, വാർഡ് അംഗങ്ങളായ സിൽവിയ സെബാസ്റ്റ്യൻ, പി. രമേശ് കുമാർ, സ്റ്റാഫ് പ്രതിനിധി ജോസ് പ്രസാദ് പടപ്പക്കര തുടങ്ങിയവർ പ്രസംഗിച്ചു.
ഈസ്റ്റ് കല്ലട സിവികെഎം ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം റിട്ട. അസി. ഡെവലപ്മെന്റ് കമ്മീഷൻ എം എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് ജോൺ അവാർഡുകൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി മുട്ടം, മെമ്പർമാരായ പ്രദീപ്കുമാർ, ആർ ജി രതീഷ്, ശ്രുതി തുടങ്ങിയവർ പ്രസംഗിച്ചു.
കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് പി രമേശ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷീല മേരി അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധി പ്രിൻസി പ്രസംഗിച്ചു.
ഇളമ്പള്ളൂർ എംഇഎസ് സ്കൂളിലെ പ്രവേശനോത്സവം കുണ്ടറ ഗ്രാമപഞ്ചായത്ത് അംഗം സുധാ ദേവി ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി. നിസാമുദ്ദീൻ, അബ്ദുൽ ഷുക്കൂർ, ബൈജു കരീം, പ്രിൻസിപ്പൽ ശൈലജ, അധ്യാപികമാരായ ഷീല, വിനിത, ലിറ്റിൽ ഫ്ലവർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും മധുര പലഹാര വിതരണവും നടന്നു.
ചാത്തന്നൂർ: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജഹരീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. സേതുമാധവൻ അധ്യക്ഷനായിരുന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ. ദസ്തകിർ, സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ ആർ. ദിലീപ് കുമാർ, വൈസ് ചെയർമാൻ എസ്. സേതുലാൽ, പിടിഎ അംഗങ്ങളായ അനിൽ കുമാർ, എസ്. ജിജോ, എച്ച്എസ്എസ് പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ എസ്. രാഖി, സീനിയർ അസിസ്റ്റന്റ് ജെസി വർഗീസ്, കൺവീനർ കെ.സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.
ഹെഡ്മിസ്ട്രസ് എൽ. കമലമ്മയമ്മ, സ്റ്റാഫ് സെക്രട്ടറി സി. സുമാദേവി എന്നിവർ പ്രസംഗി ച്ചു. 450 ഓളം കുട്ടികളാണ് സ്കൂളിൽ പുതുതായി എത്തിയത്.
അഞ്ചല്‍: കുരുന്നുകള്‍ക്ക് മധുരം നല്‍കിയും സമ്മാനങ്ങള്‍ കൈമാറിയും ആഘോഷപൂര്‍വമാണ് അലയമണ്‍ സര്‍ക്കാര്‍ ന്യു എല്‍പി സ്കൂളിൽ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പ്രമോദിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന് ബ്ലോക്ക് പഞ്ചായത്തുതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസത്തിന് സര്‍ക്കാരും തദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്കുന്ന വലിയ പ്രധാന്യമാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നത്.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കിയാണ് പദ്ധതി രൂപീകരണം നടത്തുന്നത്. സ്കൂളുകള്‍ക്ക് ആവശ്യമായതെല്ലാം നടപ്പിലാക്കി നല്കാന് തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്നദ്ധരാണെന്നും രാധാ രാജേന്ദ്രന് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം മുരളി, സ്കൂള്‍ പ്രധാമാധ്യാപിക ഷീബ നാഗൂര്, ഡയറ്റ് ലക്ചറര്‍ ഗോപകുമാര്‍, ബിപിസിയില്‍ നിന്നുള്ള ഷീല മണി, സ്കൂള്‍ പിടിഎ പ്രസിഡന്റ് സജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം ഏരൂര്‍ സര്‍ക്കാര്‍ എല്‍പിസ്കൂളില്‍ സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് സന്ധ്യ ബിനു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി അജയന് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, ഗ്രാമപഞ്ചായത്ത് അംഗം ഫൗസിയ ഷംനാദ്, സ്കൂള്‍ പ്രധാമാധ്യാപകന് മനോജ് കുമാര്‍, സ്റ്റാഫ് പ്രതിനിധി രമാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു
ചവറ : ചവറ സബ് ജില്ലയിൽ സബ് ജില്ലാതലവും വിവിധ പഞ്ചായത്ത് തല, സ്കൂൾതല പ്രവേശന ഉത്സവങ്ങൾ നടന്നു.
ചവറ സബ്ജില്ലാ-പഞ്ചായത്ത് തല പ്രവേശനോത്സവം ചവറ പുതുക്കാട് ജിഎൽപി സ്കൂളിൽ സംഘടിപ്പിച്ചു.
ഒന്നാം ക്ളാസിലേക്ക് പ്രവേശനം നേടിയ കുട്ടികളെ സ്കൂളിലെ മുതിർന്ന കുട്ടികൾ തൊപ്പികൾ നൽകിയും പൂക്കൾ നൽകിയും സ്വീകരിച്ചു.
പ്രവേശനോത്സവം ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക രാജൻ ചടങ്ങിൽ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി മുഖ്യ പ്രഭാഷണം നടത്തി.പാഠ പുസ്തക വിതരണം പഞ്ചായത്ത് മെമ്പർ ടെസും യൂണിഫോം വിതരണം മുൻ എച്ച് എം ശ്യാമള ടീച്ചറും പഠനോപകരണ വിതരണം ചവറ ഗോപകുമാറും നിർവഹിച്ചു. പ്രഥമധ്യാപിക ഹരീസ, അധ്യാപകരായ മേരി ഉഷ, അശ്വതി തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റാഹില , സരോജിനി എന്നിവർ സംയുക്തമായി അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.
ശങ്കരമംഗലം ഗേൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു. രമ്യ ഷിബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ലിൻസി ലിയോൺ, ദേശീയ റോളർ സ്കേറ്റിംഗ് താരം ലോകേഷ് ജി, സ്കൂൾ പ്രഥമ അധ്യാപിക ശോഭ, സ്റ്റാഫ് സെക്രട്ടറി എസ് രാജേന്ദ്രൻ, അധ്യാപിക അർച്ചന തുടങ്ങിയവർ പ്രസംഗിച്ചു.
കോവിൽത്തോട്ടം സെന്റ് ലിഗോറിസ് എൽപി സ്കൂളിലെ പ്രവേശനോൽസവം വർണ്ണാഭമായി.
പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്ക്കാരം കുഞ്ഞുമക്കൾ മനോഹരമാക്കി. ചവറ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ഇടവക വികാരി ഫാ.മിൽട്ടൺ ജോർജ് നിലവിളക്കിലെ തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എസ്. ജാക്സൺ അധ്യക്ഷനായി. സഹവികാരി ഫാ.ഡോ.പ്രേം ഹെൻട്രി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ആൻസി ജോർജ്, സ്കൂൾ എച്ച്എം ജോസ് സ്റ്റീഫൻ, യോഹന്നാൻ ആന്റണി, രാധാകൃഷ്ണൻ, അധ്യാപക പ്രതിനിധി സിസ്റ്റർ ജോയിസ്, വിദ്യാർഥി പ്രതിനിധി ജുവൽ മേരി എന്നിവർ പ്രസംഗിച്ചു. ഏവൺ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും നടത്തി.
കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം തലച്ചിറ ഗവ. ഹൈസ്കൂളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി സജീവ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റമീസാ ബീഗം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ബ്രിജേഷ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം റെജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തലച്ചിറ അസീസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിജു യോഹന്നാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ സജയകുമാർ, എസ് ഷാനവാസ് ഖാൻ, അനിമോൻ കോശി, എസ്എംസി ചെയർമാൻ ഹക്കീം, ബി.ആർസി ട്രെയിനർ സ്മിത കൃഷ്ണൻ, കൊട്ടാരക്കര ന്യൂൺ മീൽ ഓഫീസർ ബൈജു തുടങ്ങിയവർ പ്രസംഗിച്ചു
കൊട്ടാരക്കര: വർണ കുടകൾ നിവർത്തിപ്പിടിച്ച് തലേദിവസം പെയ്ത മഴയിൽ നനഞ്ഞ പനവേലി സ്കൂൾ മുറ്റത്തേക്ക് അമ്പരപ്പോടെയെത്തിയ നവാഗതരെ സ്വീകരിച്ചത് വർണാഭമായ ഹൈടെക് സ്കൂൾ അന്തരീക്ഷവും നവീകരിച്ച ചിൽഡ്രൻസ് പാർക്കും. കലാവിരുന്നിലും ആഘോഷങ്ങളിലും ലയിച്ച് കൈ നിറയെ സമ്മാനങ്ങളുമായി മധുരം നുകർന്ന് ആഹ്ലാദത്തോടെയാണ് അധ്യയന വർഷാരംഭത്തിന് തുടക്കമായത്.
പുത്തനുടുപ്പിട്ട് പുസ്തക സഞ്ചിയും തൂക്കി മാതാപിതാക്കളുടെ കരങ്ങളും പിടിച്ച് വന്ന കുരുന്നുകൾ വിവിധ ക്ലാസുകളുടെ ഭാഗമായി. അക്ഷരദീപം തെളിയിച്ചും നവാഗതരെ രാജകീയ പ്രൗഢിയോടെ കിരീടം അണിയിച്ചും ഗ്രാമപഞ്ചായത്തംഗം കെ. രാമചന്ദ്രൻ പിള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർഥി കവി രാജൻ താന്നിക്കൽ, മുൻ ഹെഡ്മാസ്റ്റർ കെ.ഒ.രാജുക്കുട്ടി എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് രേവതി സുരേഷ് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ ഉഷ.എ.ഗീവർഗീസ്, റോഷിനി തോമസ്, ആർ. എസ്. കീർത്തി, മാതൃ സമിതി പ്രസിഡന്റ് സൗമ്യ അഭിലാഷ് എന്നിവർ പ്രസംഗിച്ചു.