മാലിന്യ നിര്‍മാര്‍ജനം ശാസ്ത്രീയമാകണം: മന്ത്രി
1299047
Wednesday, May 31, 2023 11:30 PM IST
കൊല്ലം: മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ശാസ്ത്രീയമാണെന്ന് ഉറപ്പ് വരുത്തണമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. മാലിന്യമുക്ത നവകേരളം സംഘാടകസമിതി യോഗം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആധുനിക ജീവിത ശൈലി പിന്തുടരുന്ന കേരളത്തില്‍ മാലിന്യങ്ങളുടെ അളവും കൂടും. നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയുള്ള പദ്ധതികള്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി തയാറാക്കണം. ഡെങ്കി പോലുള്ള പകര്‍ച്ച വ്യാധികള്‍ക്ക് എതിരെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി അറിയിച്ചു.
ജില്ലയില്‍ മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി. ജില്ലയിലെ ഡോര്‍ ടു ഡോര്‍ മാലിന്യ ശേഖരണവും ഹരിത കര്‍മ സേനയുടെ യൂസര്‍ ഫീ ലഭ്യതയുടെയും ശതമാനം 45ല്‍ നിന്ന് ഉയര്‍ത്താന്‍ അടിയന്തര നടപടി സ്വീകരിക്കും.
ജൈവ മാലിന്യ സംസ്ക്കരണ സംവിധാനം എല്ലാ വീടുകളിലും വ്യാപിപ്പിക്കും. ഉറവിട മാലിന്യ സംസ്കരണം, പൊതുയിടങ്ങളും ജലാശയങ്ങളും വൃത്തിയാക്കല്‍ എന്നിവയില്‍ പുരോഗതി നേടാനായി.
ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മസേന, സന്നദ്ധസംഘങ്ങള്‍ തുടങ്ങിയവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. മൂന്നിന് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശുചീകരണം നടത്തും. നിലവില്‍ 21 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വലിച്ചെറിയല്‍ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. പരിസ്ഥിതി ദിനത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും വലിച്ചെറിയല്‍ മുക്തമായി പ്രഖ്യാപിക്കും.
അഞ്ചിന് തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിതസഭ ചേരുകയും ജനകീയ ഓഡിറ്റ് നടത്തുകയും ചെയ്യും. ജനകീയ കാമ്പയിന്റെ ഭാഗമായി മതമേലധ്യക്ഷന്മാര്, വിവിധ സംഘടനകള്‍ എന്നിവയുടെ യോഗം വിളിച്ചു ചേര്‍ക്കും.
രണ്ടാം ഘട്ടത്തില്‍ ജനകീയ ഓഡിറ്റില്‍ കണ്ടെത്തിയ കുറവുകള്‍ പരിഹരിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യ നിക്ഷേപത്തിനായി സ്ഥിരം സംവിധാനങ്ങള്‍, ഹരിത കര്‍മ സേനയ്ക്ക് ആവശ്യമായ യന്ത്ര സാമഗ്രികള്‍, വാഹന സൗകര്യം എന്നിവ ഉറപ്പാക്കും.
മൂന്നാം ഘട്ടത്തില്‍ 2025 മാര്‍ച്ച 31ന് മുന്‍പ് ജില്ലയില്‍ മുഴുവനും സംയോജിതമായ അടിസ്ഥാന മാലിന്യ നിര്‍മാര്‍ജന സൗകര്യങ്ങള്‍ ഒരുക്കും. നിരീക്ഷണത്തിനായി ഹരിതമിത്രം ആപ്ലിക്കേഷന്‍ വ്യാപകമാക്കും. കാലപ്പഴക്കം ചെന്ന ഡമ്പ് സൈറ്റുകള്‍ ബയോ മൈനിംഗ് നടത്തി വീണ്ടെടുക്കും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന് അധ്യക്ഷനായി. കോര്പ്പറേഷന് നഗരകാര്യ സ്ഥിരം സമിതി അധ്യക്ഷ ഹണി ബഞ്ചമിന്, ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാജി, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി ജയദേവി മോഹന്‍, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എഡിഎം ആര്. ബീനാറാണി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ഡി. സജു, നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഐസക്, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സൗമ്യ ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.