വാര്‍ഡ് തിരിച്ചുപിടിച്ച് ഇടതുമുന്നണി: മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് യുഡിഎഫ്
1299040
Wednesday, May 31, 2023 11:30 PM IST
അഞ്ചല്‍: ഇടതുമുന്നണിക്കും ബിജെപിക്കും തഴമേല്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് അഭിമാന പോരാട്ടം കൂടിയായിരുന്നു. നഷ്ടമായ സീറ്റ് തിരികെ പിടിക്കുക എന്ന ലക്ഷ്യത്തോടെ ജി സോമരാജന് എന്ന പ്രാദേശിക നേതാവിനെ സിപിഐ മത്സരരംഗത്തെത്തിച്ചപ്പോള് വാര്‍ഡ് നിലനിര്‍ത്താനായി യുവജന നേതാവായ ബബുല്‍ ദേവിനെ തന്നെയാണ് ബിജെപി മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സിറ്റിംഗ് സീറ്റായ തഴമേല്‍ യുവ സ്ഥാനാര്‍ഥിയായ ബിനുവിലൂടെ അട്ടിമറി വിജയം നേടിയാണ് ബിജെപി കൈക്കലാക്കിയത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തോട് പോലും ആലോചിക്കാതെ അപ്രതീക്ഷിതമായി ബിനു ഗ്രാമപഞ്ചായത്ത് അംഗം എന്ന സ്ഥാനം രാജിവച്ചതോടെ ശരിക്കും ഇവിടെ ബിജെപി വെട്ടിലായി.
ഇതുകൊണ്ട് തന്നെയാണ് തഴമേല്‍ ഉപതെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് അഭിമാന പോരാട്ടമായി മാറിയത്. സംവരണ വാര്‍ഡില്‍ പട്ടികജാതി മോര്‍ച്ച ജില്ലാ അധ്യക്ഷനായ ബബുല്‍ ദേവിനെ തന്നെ മത്സരരംഗത്തിറക്കി വാര്‍ഡ് നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കരുത്തു തെളിയിച്ച ഇടതുമുന്നണി മികച്ച ഭൂരിപക്ഷത്തില്‍ ഇവിടെ വിജയിക്കുകയും ബിജെപിയുടെ പക്കല്‍ നിന്നും വാര്‍ഡ് തിരിച്ചുപിടിക്കുകയും ചെയ്തു.
അതേസമയം രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപിക്ക് തെല്ല് ആശ്വാസം നല്കുമ്പോള് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ ആഘാതത്തിലാണ് യുഡിഎഫ്. ആര്‍എസ്പി നേതാവായ കെ.സി ബിനുവിനെയാണ് യുഡിഎഫ് ഇക്കുറി മത്സരിപ്പിച്ചത്.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎം പ്രതിനിധിയായി വിജയിച്ച ബിനു പിന്നീട് യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറി. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം എന്ന പരിവേഷമൊന്നും ഏറ്റില്ലെന്ന് മാത്രമല്ല നേടാന്‍ കഴിഞ്ഞത് 262 വോട്ടുകള്‍ മാത്രമാണ് താനും. യുഡിഎഫ് സ്ഥാനാര്‍ഥിയേക്കാള്‍ 112 വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് കൂടുതലായി നേടാന്‍ കഴിഞ്ഞു എന്നതും ശ്രദ്ധേയം.
എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ എഴുപതോളം വോട്ടുകള്‍ ഇക്കുറി കൂടുതല്‍ നേടാന്‍ കഴിഞ്ഞു എന്നത് യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് ആശ്വാസമാണ്. വര്‍ഗീയ രാഷ്ട്രീയത്തിനും കാലുവാരല്‍ രാഷ്ട്രീയത്തിനും ജനം മറുപടി നല്കി എന്ന് സിപിഎം നേതാവ് എസ് ജയമോഹന് പ്രതികരിച്ചപ്പോള്‍ ജനങ്ങള്‍ ഇടതുമുന്നണിക്ക് ഒപ്പമാണ് എന്ന് തഴമേല്‍ തെരഞ്ഞടുപ്പ് വീണ്ടും തെളിയിച്ചുവെന്നു സിപിഐ നേതാവ് ലിജു ജമാലും പ്രതികരിച്ചു.