യുവാവിനേയും സുഹൃത്തിനേയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
1298732
Wednesday, May 31, 2023 4:01 AM IST
കൊല്ലം: മദ്യപാനം തടയാൻ ശ്രമിച്ച വിരോധത്തിൽ യുവാവിനേയും സുഹൃത്തിനേയും കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യ്തു. പരവൂർ കൂനയിൽ സ്നേഹാലയം വീട്ടിൽ സുജിത്ത്(36) ആണ് പരവൂർ പോലീസിന്റെ പിടിയിലായത്.
പൂതക്കുളം അജയ് നിവാസിൽ ആദർശിനേയും സുഹൃത്ത് സുനീതിനേയും ആണ് ഇയാൾ കുത്തി പരിക്കേൽപ്പിച്ചത്. പരവൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് ആദർശിന്റെ പിതാവ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഈ സ്ഥാപനത്തിലെ സെക്യൂരിറ്റി റൂമിന് സമീപം ആദർശിന്റെ പിതാവും പ്രതി സുജിത്തും ചേർന്ന് മദ്യപിക്കുകയായിരുന്നു. ഇത് ആദർശും സുഹൃത്തായ സുനീതും ചേർന്ന് ചോദ്യം ചെയ്യുകയും ഇവരെ തടയാനും ശ്രമിച്ചപ്പോഴാണ് സുജിത്ത് ഇവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കത്തി കൊണ്ട ് നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.
തടയാൻ ശ്രമിച്ച സുനീതിനേയും പ്രതി മൃഗീയമായി കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദർശിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതി സുജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്ഐ നിതിൻ നളൻ, എഎസ്ഐ മാരായ രമേശൻ, അജയൻ എസ് സിപിഓ റലേഷ് ബാബു, സിപിഒ ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.