അമിത്ഷായുടെ മണിപ്പൂർ സന്ദർശനം പ്രഹസനം: ലാറ്റിൻ കാത്തലിക് അസോ. കൊല്ലം രൂപത
1298727
Wednesday, May 31, 2023 4:00 AM IST
കൊല്ലം: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ മണിപ്പൂർ സന്ദർശനം പ്രഹസനമെന്ന് കെഎൽസിഎ ആരോപിച്ചു. ആഭ്യന്തരമന്ത്രി മണിപ്പൂരിൽ നിൽക്കവേ തന്നെ പലയിടങ്ങളിലും നിയന്ത്രണ വിധേയമല്ലാത്ത കലാപം പൊട്ടിപുറപ്പെട്ടു.
ഇത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരാജയമാണ്. കുറേ ദിവസങ്ങളായി കലാപം മൂർച്ഛിക്കുകയാണ്. സാധാരണ ജനങ്ങൾ കലാപത്തിൽ കൊല്ലപ്പെടുന്നു. സൈന്യത്തിന്റെ വെടിയേറ്റ് ഗോത്ര വിഭാഗങ്ങൾ കൊല്ലപ്പെടുന്നു. ഇവയെല്ലാം ദുരൂഹതകളാണ്. അവിടുത്തെ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നു. 220ലേറെ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. പാസ്റ്റൽ സെന്ററുകളും ദേവാലയങ്ങളും ആക്രമിക്കപ്പെട്ടപ്പോൾ കോടിയിലധികം രൂപയാണ് നഷ്ടമായത്. കൂടാതെ ജീവനുകളും. പുരോഹിതരും വിശ്വാസികളും പരിഭ്രാന്തിയിലാണ്.
പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് സമാധാനം പുനസ്ഥാപിക്കണമെന്നും സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രത്തിൽ നിന്ന് പ്രത്യേക സംഘത്തെ അവിടേയ്ക്ക് അയക്കണമെന്നും പ്രധാനമന്ത്രിക്ക് ഇമെയിലൂടെ പരാതികളയയ്ക്കുമെന്നും, വരുംദിവസങ്ങളിൽ കെഎൽസിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഇടവക തലങ്ങളിലും രൂപതയിലും ഉണ്ടാകുമെന്നും കെഎൽസിഎ ഭാരവാഹികൾ അറിയിച്ചു.
യോഗം രൂപത പ്രസിഡന്റ് ലസ്റ്റാർ കാർഡോസ് ഉദ്ഘാടനം ചെയ്തു. ജാക്സൺ നീണ്ടകര, ഫാ. ജോർജ് സെബാസ്റ്റ്യൻ, ലക്റ്റീഷ്യ, ജോസഫ് കുട്ടി കടവിൽ, വിൻസി ബൈജു, അനിൽ ജോൺ, എഡിസൺ, ഡൊമിനിക്, ആൻഡ്രൂ സിൽവ, അജിത, സിജോ ജോസഫ്, റോണ റിബൈറോ എന്നിവർ പ്രസംഗിച്ചു.