അങ്കണവാടി പ്രവേശനോത്സവം വർണാഭമായി
1298721
Wednesday, May 31, 2023 3:55 AM IST
ചാത്തന്നൂർ: സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തി. ഇത്തിക്കര ബ്ലോക്ക് ഐ സി ഡി എസിന് കീഴിലുള്ള 193 അങ്കണവാടികളിലും ആഘോഷ പൂർവമായിരുന്നു പ്രവേശന ചടങ്ങുകൾ.
ചിറക്കര കോളജ് വാർഡിലെ 121-ാം നമ്പർ അങ്കണവാടിയിൽ നവാഗതരായ കുട്ടികളെ പൂർവ വിദ്യാർഥികൾ പൂച്ചെണ്ട് നൽകിയും ഹസ്തദാനം ചെയ്തും അങ്കണവാടിയിലേക്ക് ആനയിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് അംഗം വിനിത ദിപുവിന്റെ അധ്യക്ഷതയിൽ കൂടിയ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു.
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ദിപു, ജെ പിഎച്ച്എൻ സിമി, എ എൽ എം സി അംഗങ്ങളായ രാജശേഖരൻ ഉണ്ണിത്താൻ, പി ബിനു, ശശിധരൻ, ശശിധരൻ പിള്ള, അങ്കണവാടി ടീച്ചർ ബിന്ദു, രാജേശ്വരി തുടങ്ങിയവർ പ്രസംഗിച്ചു.അങ്കണവാടി കുട്ടികളുടെ കലാപരിപാടികൾ, പഠനോപകരണ വിതരണം, ബോധവൽക്കരണ ക്ലാസ്, പായസസദ്യ എന്നിവയും ഉണ്ടായിരുന്നു.
ചവറ: നീണ്ടകര, ചവറ പഞ്ചായത്തുകളിലെ മൈനിംഗ് ഏരിയയിലെ വിവിധ അങ്കണവാടികളിൽ നടന്ന പ്രവേശനോത്സവത്തിൽ കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഐആർഇഎൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.
ഐ ആർ ഇ എൽ യൂണിറ്റ് മേധാവി ആർ വി വിശ്വനാഥ്, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് പി ആർ രജിത്ത്, ജനറൽ മാനേജർ എൻ. എസ്. അജിത്ത്, എച്ച് ആർ മേധാവി അനിൽ കുമാർ, ചീഫ് മാനേജർ ഭക്ത ദർശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഡോണ, അശ്വിനി, പ്രദീപ്, ആൻസി, കുടുംബശ്രീ, ഐസിഡിഎസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അഞ്ചല്‍ : മധുരവും സമ്മാനങ്ങളും നല്കി കുരുന്നുകളെ വരവേറ്റുകൊണ്ട് ആഘോഷപൂര്‍വമായ അന്തരീക്ഷത്തിലാണ് ഏരൂര്‍ മേഖലയിലെ അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചത്.
ഏരൂര്‍ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ചിരിക്കിലുക്കം 2023 കരിമ്പിന്‍കോണം വാര്‍ഡിലെ അങ്കണവാടിയില്‍ സംഘടിപ്പിച്ചു. കുരുന്നുകളും രക്ഷിതാക്കളും ജനപ്രതിനിധികളും ചേര്‍ന്ന ഘോഷയാത്രയോടെയാണ് പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് തുടക്കമായത്.
വാര്‍ഡ് അംഗം കൂടിയായ വൈസ് പ്രസിഡന്റ് ചിന്നു വിനോദിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് റ്റി അജയന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പദ്ധതി രൂപീകരിക്കുമ്പോള്‍ പഞ്ചായത്തിലെ മുഴുവന്‍ അങ്കണ വാടികള്‍ക്കും മുന്തിയ പരിഗണനയാണ് നല്‍കുന്നത്. എല്ലാ അങ്കണവാടികള്‍ക്കും സ്വന്തം കെട്ടിടം എന്നതാണ് പഞ്ചായത്ത് ലക്ഷ്യം. പഞ്ചായത്തില്‍ പുതുതായി നിര്‍മിക്കുന്ന മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടികളായി നിര്‍മിക്കുമെന്നും പ്രസിഡന്റ് റ്റി അജയന് പറഞ്ഞു.
വിരമിച്ച അധ്യാപകൻ വിശ്വസേനൻ, അശ്വതി ലിതിൻ, വര്‍ക്കര്‍ ഷിനി എന്നിവർ പ്രസംഗിച്ചു. ആര്‍ച്ചല്‍, പത്തടി, കാഞ്ഞുവയാല്, പാണയം അടക്കമുള്ള ഇടങ്ങളിലും പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും പ്രവേശനോത്സവം സമുചിതമായി തന്നെ സംഘടിപ്പിച്ചിരുന്നു
കൊട്ടാരക്കര: പനവേലി മടത്തിയറ അങ്കണവാടിയിൽ ഉൽസവാന്തരീക്ഷത്തിൽ നടന്ന കുരുന്നുകളുടെ പ്രവേശനോൽസവം വർണാഭമായി.
മധുരം നുകർന്നും ഗാനങ്ങൾ ആലപിച്ചും ചിത്രശലഭങ്ങളെപ്പോലെ പാറി പറന്നു നടന്ന കുട്ടികളെ ആശിർവദിക്കാൻ മുതിർന്നവരും ഗുരുശ്രേഷ്ഠരും എത്തിയിരുന്നു. കിരീടം ധരിപ്പിച്ചും സമ്മാനങ്ങൾ നൽകിയുമാണ് ആദ്യമായി അങ്കണവാടിയിലെത്തിയവരെ സ്വീകരിച്ചത്.
പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് അംഗം കെ രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പനവേലി ഗവ.സ്കൂൾ ഹെഡ്മാസ്റ്റർ കെ.ഒ.രാജുക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. തുളസിധരൻപിള്ള അധ്യക്ഷത വഹിച്ചു. മിനി രാധാകൃഷ്ണൻ, ബിന്ദു സുകുമാരൻ, ജി.ബേബി കുട്ടി, ഉഷ.എ.ഗീവർഗീസ്, റോഷ്നി തോമസ്, ആർ.എസ്.കീർത്തി എന്നിവർ പ്രസംഗിച്ചു.